അനു തിരക്കിലാണ്‌

0

ആക്ഷൻ ഹീറോ ബിജുവിൽ ജെറി അമൽദേവ് സംഗീതം നൽകിയ ‘പൂക്കൾ… പനിനീർ പൂക്കൾ’ എന്ന ഗാനം കേൾക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു മുഖം അനു ഇമാനുവലിന്റെതാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം അഭിനയ സാധ്യതകളൊന്നും ഇല്ലാതിരുന്നിട്ടും സ്‌ക്രീൻ പ്രസൻസ് കൊണ്ട് ജനശ്രദ്ധ നേടി അനു. അങ്ങനെ പേരിനൊരു നായികയായ ആദ്യ ചിത്രം. ഈ ചിത്രം ഇറങ്ങുന്നതിനു മുമ്പും ശേഷവും ദുൽഖർ സൽമാന്റെ രണ്ട് ചിത്രങ്ങളിലേക്ക് അനുവിന്റെ പേര് പറഞ്ഞു കേട്ടെങ്കിലും ഒഴിവാക്കപ്പെട്ട കഥ പാട്ടായപ്പോഴാണ് അനു മല്ലുവുഡിന്റെ പടിയിറങ്ങി ടോളിവുഡിലേക്ക് പറന്നു കയറിയത്. 2016-ൽ തന്നെ അവിടെ അരങ്ങേറ്റം. പ്രതീക്ഷ അസ്ഥാനത്തായില്ല. ടോളിവുഡിലും കോളിവുഡിലുമായി അഞ്ച് ചിത്രങ്ങളിലേക്കാണ് അനു കരാറായിരിക്കുന്നത്. ഇതിൽ കോളിവുഡിൽ വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം, വിശാൽ നായകനായി മിഷ്‌കിൻ സംവിധാനം ചെയ്യുന്ന തുപ്പറിവാളൻ എന്നിവയും പെടുന്നു. സൂപ്പർ താര മക്കൾ ചെയ്യുന്നതു പോലെ സ്വന്തമായി ഒരു സിനിമ നിർമ്മിച്ച് അതിൽ നായികയായി അഭിനയിച്ച് പേരെടുക്കാനുള്ള ‘പിൻബലം’ അനുവിനും ഉണ്ട്. കാരണം സിനിമാ നിർമ്മാതാവു കൂടിയാണ് ബിസിനസുകാരനായ അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമാനുവൽ. അനു ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം അങ്ങ് അമേരിക്കയിലാണെങ്കിലും സിനിമാ മോഹം ഇങ്ങ് കേരളക്കരയിലായിരുന്നു. അങ്ങനെയാണ് സ്വന്തം അച്ഛൻ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനവും ജയറാം നായകനുമായ സ്വപ്ന സഞ്ചാരിയിൽ ബാലതാരമായി എത്തുന്നത്. വീണ്ടും പഠനാർത്ഥം അമേരിക്കയിലേക്ക് മടങ്ങിയ അനു 2016-ലാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ നായിക ആകുന്നത്. ടോളിവുഡിലും കോളിവുഡിലും ഈ വർഷം അനുവിന്റേതായിരിക്കും എന്ന് സിനിമക്കാർ രഹസ്യം പറയുന്നുണ്ട്. കാത്തിരുന്നു കാണാം!