മാതൃ വേദനയുടെ പുതിയ മാനങ്ങൾ

0

വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നത് തിരുവനന്തപുരം പേരൂർക്കടയിലെ അനുപമ എന്ന മാതാവും അവർ നൊന്തു പ്രസവിച്ച കുഞ്ഞുമാണ്. പ്രസവിച്ച അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് രാഷ്ടീയ ഭരണ നേതൃത്വങ്ങളുടെ ഒത്താശയോട് കൂടിയാണെന്നതാണ് കൗതുകകരമായ വസ്തുത. ചതിക്കപ്പെട്ടു എന്ന് വിളിച്ചു പറയുന്ന ഈ മാതാവ് അത്ര മാത്രം നിഷ്കളങ്കയാണെന്ന് പറയാൻ കഴിയില്ല. പുരോഗമന രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകയാണെന്ന് തന്നെയാണ് ഈ സ്ത്രീ അവകാശപ്പെടുന്നത്. പ്രണയത്തിലാകുന്നതും പ്രസവിക്കുന്നതുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യം തന്നെ. എന്നാൽ പ്രസവിച്ച് ഒരു കൊല്ലം കഴിഞ്ഞതിന് ശേഷം കുഞ്ഞിനെയും തേടി പുറപ്പെട്ടതിലുള്ള ഔചിത്യം മനസ്സിലാകുന്നില്ല.

നൊന്തു പ്രസവിച്ച മാതാവിന് തന്നെയാണ് കുഞ്ഞിൻ്റെ അവകാശം. അവർക്ക് കുഞ്ഞിനെ തിരിച്ചു കിട്ടുകയും ചെയ്യേണ്ടതുണ്ട്. മുൻ എസ്.എഫ്.ഐ. നേതാവായ ശിശുക്ഷേമ സമിതി അധ്യക്ഷൻ്റെ നിലപാടുകളും സംശയകരമാണ്. മാതൃസ്നേഹത്തെപ്പറ്റിയും പ്രസവവേദനയെപ്പറ്റിയും ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഓർമയുണ്ടാകുന്നത്.അസാധാരണമെന്ന് തന്നെ പറയേണ്ടി വരും.

പ്രണയം ഒരു വ്യക്തിയുടെ സ്വകാര്യ വിഷയമായതിനാൽ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ പ്രണയിച്ച, അത് വഴി പ്രസവിച്ച അനുപമയുടെ ഔചിത്യബോധത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നാട്ടിലെ സാമാന്യ മര്യാദകളെ വിസ്മരിക്കുന്നത് ശരിയല്ല. കുഞ്ഞിനെ ദത്ത് നൽകാനുള്ള മുദ്രപത്രത്തിൽ അനുപമ എന്ന മാതാവ് ഒപ്പ് വെച്ചിട്ടുണ്ട്. അന്നൊന്നും തോന്നാത്ത വേദനയും വിഷമവും മാതൃ ബോധവും ഒരു സുപ്രഭാതത്തിൽ അണ പൊട്ടിയൊഴുകുന്നു എന്ന് പറയുമ്പോൾ എവിടെയെല്ലാമോ ചില അക്ഷരത്തെറ്റുകൾ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കാം – പ്രണയവും പ്രസവവും മാതൃസ്നേഹവും രാഷ്ടീയ വിവാദ വിഷയങ്ങളല്ല. ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് അത് മാത്രമാണ്. അനുപമയ്ക്ക് നിരാഹാര സമരം നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതിലെല്ലാം വലുതാണ് ഒരു സ്ത്രീയുടെ ധാർമ്മിക ബോധവും ഉത്തരവാദിത്തവുമെന്ന തിരിച്ചറിവ്. ഇവിടെയാണ് മാതൃത്വത്തിൻ്റെയും സ്ത്രീത്വത്തിൻ്റെയും പ്രണയത്തിൻ്റെയും ആർജ്ജവം തെളിയിക്കപ്പെടേണ്ടത്.