അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികൾ

0

ഹൈദരാബാദ്: അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളാണെന്നു വിവരം. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്ത‍തെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങൾക്കൊപ്പമുണ്ടെന്നും ഒരു ചാനലിനോട് അവർ വ്യക്തമാക്കി. കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.

വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുൻപാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തിൽനിന്നും കുട്ടിയെ ലഭിച്ചപ്പോൾ സന്തോഷമായിരുന്നെന്നും അവർ പറഞ്ഞു.

ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താൽക്കാലികമായി ആന്ധ്ര ദമ്പതികൾക്കു ദത്തു നൽകിയത്. ശിശുക്ഷേമസമിതി ഉൾപ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനെത്തുടർന്ന് വഞ്ചി‍യൂർ കുടുംബ‍ക്കോടതി ഇന്ന് അന്തിമവിധി പറയും. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം കേരളസർക്കാർ അറിയിച്ചതിനാൽ ഇതു കൂടി പരിഗണിച്ചാകും കോടതിയുടെ വിധി.