കമ്പം ടൗണിൽ അരിക്കൊമ്പന്റെ പരാക്രമം:തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താൻ ശ്രമം

0

ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ലോവർ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടുന്നതിനിടെ മൂന്ന് പേര്‍ക്ക് വീണു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. ഇവിടെ നടരാജ കല്യാണമണ്ഡപത്തിനു പുറകിൽ വരെ അരിക്കൊമ്പൻ എത്തി.

അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. ഈ ഒരു മണിക്കൂറിനിടെ അരിക്കൊമ്പൻ ഏത് ദിശയിലെത്തുമെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിരുന്നു. എന്നാൽ അരിക്കൊമ്പനെ കണ്ടെത്താൻ പലപ്പോഴും കഴിയുന്നുണ്ടായിരുന്നില്ല.

തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കും.

വനം വകുപ്പ് അധികൃതർ തോക്കുമായി കമ്പത്ത് എത്തി. ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ ശ്രമിച്ചു. ആന കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കിൽ മയക്കുവെടി വെക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ ആന എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്. രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിൽ നടത്തിയിരുന്നു. ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.