മീ ടൂ ആരോപണത്തിൽ നടൻ അർജുൻ സർജയ്ക്ക് പൊലീസിന്റെ ക്ലീൻചിറ്റ്

0

ഹൈദരാബാദ്: മീ ടൂ ആരോപണക്കേസിൽ നടൻ അർജുൻ സർജയ്ക്ക് പൊലീസിന്റെ ക്ലീൻചിറ്റ്. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ നടിയാണ് അർജുനെതിരെ മീ ടൂ ആരോപണവുമായി രം​ഗത്തെത്തിയത്.

‘വിസ്മയ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ഇക്കാര്യം നടി 2018ൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. സിനിമയിൽ അർജുന്റെ ഭാര്യാ കഥാപാത്രമായിട്ടായിരുന്നു നടി അഭിനയിച്ചത്. പിന്നാലെ കബൺപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. വിഷയത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു.

ഇന്ത്യൻ സിനിമാ മേഖലയെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു മീ ടു മൂവ്മെന്റ്. നിരവധി നടിമാർ തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രം​ഗത്തത്തുകയും ചെയ്തിരുന്നു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ‘മീ ടൂ’ കാമ്പയിന്റെ കടന്നുവരവ്. 2017 ഒക്ടോബര്‍ 5ന് നടി ആഷ്‌ലി ജൂഡ് വെയിന്‍സ്റ്റിനെതിരേ ന്യൂയോര്‍ക് ടൈംസിലൂടെ നടത്തിയ വെളിപ്പെടുത്തലായിരുന്നു അതിന് പ്രേരകമായത്.