ഇതാണ് സോഷ്യൽ മീഡിയയിൽ താരമായ ‘ഡൂഡിൽമുനി’…!

0

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു ‘ഡൂഡിൽ മുനി’…ആരാണീ കലാകാരൻ എന്നറിയേണ്ടേ. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന കൺമണിയെ കാത്തിരിക്കുന്ന വേളയിൽ ഭാര്യയ്ക്കും ഭർത്താവിനുമിടിയിൽ സംഭവിക്കുന്ന കുഞ്ഞു കുഞ്ഞു രസകരമായ കാര്യങ്ങൾ മനോഹര ചിത്രകഥയാക്കി ഡൂഡില്‍മുനി എന്ന പേരില്‍ സോഷ്യല്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന ആ കലാകാരന്‍ മറനീക്കി പുറത്തു വന്നിരിക്കയാണിപ്പോൾ.

ആരോഷ് തേവടത്തിലാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വാട്സാപ് സ്റ്റാറ്റസുകളിലുമൊക്കെ നിറഞ്ഞു നിന്ന ആ ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിയത്. തന്റെ ഭാര്യ ഗർഭിണിയാണെന്നറിഞ്ഞ മുതൽ കുഞ്ഞു ജനിക്കുന്നതുവരെയുള്ള രസകരമായ മുഹൂർത്തങ്ങളാണ് ആരോഷ് ചിത്രീകരിച്ചത്. ചിരിക്കാനും ചിന്തിക്കാനും ഒത്തിരിയുള്ള ഒരു കുഞ്ഞു കുടുംബത്തിലെ രസകരമായ കാഴ്ചകളാണിത്.

ഡൂഡില്‍മുനി എന്ന പേരിലെത്തിയ ഈ ചിത്രങ്ങള്‍ പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി. ചിത്രങ്ങൾ ഞൊടിയിടയിൽ വൈറലായതോടെ വരച്ചയാളെ തേടി ആളുകൾ തിരച്ചിൽ തുടങ്ങി. പോസ്റ്റിനു താഴെ പലരും ആരോഷിനെ മെന്‍ഷൻ ചെയ്തതോടെയാണ് ഗ്രൂപ്പിൽ സ്വയം പരിചയപ്പെടുത്തി ഇദ്ദേഹത്തിന്റെ കുറിപ്പെത്തിയത്.

ആരോഷ് സ്വയം പരിചയപ്പെടുത്തി പങ്കുവച്ച കുറിപ്പ്

ഇന്നലെ മുതൽ ഒത്തിരി കൂട്ടുകാർ ഈ ഗ്രൂപ്പിൽ ഇട്ട ഒരു പോസ്റ്റിന്റെ താഴെ എന്നെ മെൻഷൻ ചെയ്യുകയുണ്ടായി. പലരും ആ ചിത്രങ്ങൾ കണ്ടിട്ട് അത് വരച്ച ചിത്രകാരനെ അന്വേഷിച്ചു പോയപ്പോൾ അതിന്റെ സൃഷ്ടാവ് എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ‘Doodlemuni’ എന്ന പേരിൽ ഞാനാണ് ആ ചിത്രങ്ങൾ വരച്ചത്. ഭാര്യാ പ്രെഗ്നന്റ് ആയപ്പോൾ മുതൽ എന്റെ മകൾ ‘ജാൻകി’ ജനിച്ചത് വരെ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ ആണ് അവയെല്ലാം. കൂടാതെ ജാൻകി ജനിച്ചതിനു ശേഷവും ഞങ്ങൾക്ക് നിങ്ങളോടായി ഒത്തിരി കഥകൾ പറയാനുണ്ട്. അതെല്ലാം ചിത്രങ്ങളാക്കി മറ്റൊരു സീരീസ് തയാറാക്കി കൊണ്ടിരിക്കുകയാണ്. അത്തരം ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കായി എന്റെ ‘Doodlemuni’ എന്ന ഇൻസ്റ്റാഗ്രാം പേജിലും ഫെയ്സ്ബുക്ക് പേജിലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാറുണ്ട്.

Doodlemuni എന്ന പേരിലാണ് ചിത്രങ്ങൾ വരയ്ക്കാറുള്ളതെങ്കിലും എന്റെ പേര് അരോഷ് എന്നാണ്. നാട് കോഴിക്കോട് അവിടനല്ലൂരിൽ. കുറച്ചു വർഷങ്ങൾ പരസ്യമേഖലയിൽ ആർട് ഡയറക്ടർ ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ ബെംഗളൂരൂവിൽ Funchershop എന്ന ഒരു ഡിസൈൻ കമ്പനി നടത്തുകയാണ്. ഭാര്യ സിനു രാജേന്ദ്രൻ മാവേലിക്കരക്കാരിയാണ്, മകൾ ജാൻകി അരോഷ്.