ചന്തിക്കു കടിക്കുന്ന മാലിന്യം- മുരളി തുമ്മാരുകുടി

0
Stray dogs/Photo courtesy: Madhyamam.com

Muralee-Thummarukudy

ഞാൻ അല്പം ധർമ്മസങ്കടത്തിലാണ്. കേരളത്തിലെ തെരുവുപട്ടികളുടെ വിഷയത്തിൽ എന്തെങ്കിലും എഴുതണമെന്ന് ഏറെപ്പേർ പറഞ്ഞു. പട്ടിയുടെ കടി കൊള്ളുന്നവർ സാധാരണക്കാരായതുകൊണ്ടാണ് ഞാൻ എഴുതാത്തതെന്നു വരെ ഒരാൾ പറഞ്ഞു. അതെസമയം, ലോകത്തിലെ എല്ലാ വിഷയങ്ങളെപ്പറ്റിയും എഴുതി സീരിയലിൽ അഭിനയിക്കുന്ന സിനിമാതാരങ്ങളെ പോലെ വിലകളയുകയാണെന്ന് വേറെ ഒരാൾ. കഴുതപ്പുറത്ത് കയറണോ അതോ കഴുതയെ ചുമക്കണോ എന്നത് പോലത്തെ സങ്കടമാണെനിക്കും.

പട്ടിപ്രശ്നത്തെ പറ്റി എഴുതില്ല എന്ന് ഞാൻ പണ്ടേ ഉറപ്പിച്ചതാണ്. കാരണം സാങ്കേതിക പരിഹാരങ്ങളുടെ കുറവോ, അവയെപ്പറ്റിയുള്ള അറിവ് കുറവോ അല്ല. ഈ പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ സമൂഹത്തിൽ അഭിപ്രായസമന്വയം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അതിനെ പട്ടിപിടിത്തത്തെപ്പറ്റിയോ പരിപാലനത്തെപ്പറ്റിയോ ഉള്ള നിർദേശങ്ങൾ കൊണ്ട് നേരിടാൻ പറ്റില്ല. പക്ഷെ പട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഞാൻ പറയാം. കേരളത്തിലെ മലയാളി സമൂഹം (പണ്ടത്തെപ്പോലെ കേരളസമൂഹം എന്നതും മലയാളിസമൂഹം എന്നതും പരസ്പരം പകരം പറയാവുന്ന വാക്കുകൾ അല്ല. കേരളത്തിലുള്ള മറുനാടൻ തൊഴിലാളികളുടെ ജീവിതവും ശരാശരി മലയാളികളുടെ ജീവിതവും തമ്മിൽ ഒരു ബന്ധവുമില്ല) മൊത്തത്തിൽ സാമ്പത്തികമായി പുരോഗമിക്കുകയാണ്. അപ്പോൾ ഉപരിവർഗത്തിന്റെ ഉപഭോഗ സംസ്കാരം എത്തിപ്പിടിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. സ്വന്തമായി ഏറ്റവും വലിയ വീടുണ്ടാകുക, അത് പറ്റിയാൽ വില്ല പോലെ പരമാവധി സ്ഥലത്ത് നിൽക്കുന്നതാകുക, കാശുണ്ടെങ്കിൽ രണ്ടാമതോ മൂന്നാമതോ ഒരു ഫ്ലാറ്റ് കൂടി മേടിക്കുക, എല്ലാ ദിവസവും മാംസമോ, മൽസ്യമോ പറ്റിയാൽ രണ്ടുംകൂടിയോ കഴിക്കുക, ഇതൊക്കെയാണ് എല്ലാവരുടെയും ആഗ്രഹം. പറ്റുന്ന പോലെ ഇതെല്ലം ചെയ്യാൻ എല്ലാവരും ശ്രമിക്കുന്നു.

ഇതൊന്നും മോശപ്പെട്ട കാര്യമല്ല പക്ഷെ യഥാർത്ഥ കുഴപ്പം എന്തെന്ന് വച്ചാൽ നമ്മുടെ ഓരോ ഉപഭോഗത്തിനും ഒരു വിലയുണ്ട്. അത് പ്രത്യക്ഷമായി നമ്മൾ കൊടുക്കുന്നതും പരോക്ഷമായി നമ്മൾ പ്രകൃതിയിലേക്ക് തള്ളി വിടുന്നതും കൂടിയതാണ്. ഉദാഹരണത്തിന് പുഴയുടെ അടുത്ത് ഫ്ലാറ്റ് വെക്കുമ്പോൾ ആ ഫ്ലാറ്റ് സമുച്ചയത്തിലെ കക്കൂസ് മാലിന്യങ്ങൾ എല്ലാം പുഴയിലെ വെള്ളത്തിന്റെ അത്രയെങ്കിലും ശുദ്ധീകരിച്ചു പുറത്തുവിടണം എങ്കിൽ ഫ്ളാറ്റിലെ ജീവിതം വലിയ ചിലവുള്ളതാകും. അതിനു പകരം ഫ്ളാറ്റിലെ മലിനജലം പുഴയിലേക്ക് ഒഴുക്കിയാൽ ഫ്ലാറ്റിൽ കുറഞ്ഞ ചിലവിൽ ജീവിക്കാൻ പറ്റും. അപ്പോൾ ഫ്ളാറ്റിലെ ജീവിതത്തിന്റെ പകുതി ഒരു ഭാഗം ചിലവ് വഹിക്കുന്നത് പുഴ (പ്രകൃതി)യാണ്. ഇത് തന്നെയാണ് ഖരമാലിന്യത്തിന്റെ കാര്യത്തിലും വീട് പണിയാൻ എടുക്കുന്ന മണലിന്റെ കാര്യത്തിലും, സ്ഥലം നികത്തുന്ന മണ്ണിന്റെ കാര്യത്തിലും, വീട് പണിയാൻ വരുന്ന ബംഗ്ലാദേശിയുടെ താമസത്തിന്റെ കാര്യത്തിലും ഒക്കെ സംഭവിക്കുന്നത്.

കേരളത്തിലെ ഒരു നഗരത്തിൽ പോലും ആധുനികമായ ഖരമാലിന്യ നിർമാർജന സൗകര്യങ്ങളോ സീവേജ് ട്രീറ്റ്മെന്റ് സംവിധാനങ്ങളോ ഇല്ല എന്നത് നമ്മെ ശരിക്കും നാണിപ്പിക്കേണ്ടതാണ്. ഈ രണ്ടു രംഗത്തും നാനാവിധ സാങ്കേതിക വിദ്യകളുമായി ലോകത്തിന് ഒരു നൂറു വർഷത്തെ എങ്കിലും പരിചയമുണ്ട്. അപ്പോൾ ഉയർന്ന വരുമാനം, ഉയർന്ന വിദ്യാഭ്യാസം ഒക്കെയുള്ള കേരളത്തിൽ ഇതിലും നല്ല പരിസ്ഥിതി സംരക്ഷണം ഉണ്ടാവേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ ഇല്ല.

നമ്മുടെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും ജനജീവിതം പരിസ്ഥിതി മലിനമാകാതെ സാധ്യമാകണമെങ്കിൽ ഇപ്പോൾ നമ്മൾ കൊടുക്കുന്ന ടാക്സിന്റെ പത്തിരട്ടിയെങ്കിലും കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ നഗരത്തിലെ ജീവിതം വീണ്ടും ചിലവേറിയതാകും. എല്ലാവർക്കും നഗരത്തിൽ ജീവിക്കാൻ പറ്റാതെ വരും. അതിനു പകരം മാലിന്യങ്ങളെല്ലാം കായലിലോ, കനാലിലൊ, അടുത്ത ഗ്രാമത്തിലോ, തമിഴ്‌നാട്ടിലോ ഒക്കെ കൊണ്ട് ചെന്ന് തട്ടിയാൽ, അല്ലെങ്കിൽ കൂട്ടിയിട്ടു തീയിട്ടു നശിപ്പിച്ചാൽ ദൈനം ദിന ചെലവ് കുറയും. അതായത് നഗരവാസികളുടെ ഉപഭോഗത്തിന്റെ ഭാരം പ്രകൃതിയാണ് ചുമക്കുന്നതെന്നു സാരം. അത് പുഴയാകാം, വായുവാകാം, കനാലോ കായലോ ആകാം. പക്ഷെ തത്കാലം എങ്കിലും നഗരത്തിലെ മാലിന്യങ്ങളുടെ സമഗ്രമായ സംസ്കരണത്തിന്റെ ചെലവ് വഹിക്കാൻ നമ്മൾ തയ്യാറല്ല. മാസം രണ്ടായിരം രൂപ ഫ്ലാറ്റുകളിൽ മെയ്ന്റനൻസ് ചാർജ്ജ് കൊടുക്കുന്ന ആളുകൾ മുനിസിപ്പൽ ടാക്സ് അല്പം എങ്കിലും ഉയർത്തിയാൽ പ്രതിഷേധവുമായി രംഗത്ത് വരും. പരിസ്ഥിതിയെ പോറലേൽപ്പിക്കാതെ, പരി സ്ഥിതിക്കേൽപ്പിച്ച പോറൽ മാറ്റിയെടുത്ത് നഗരത്തെ സംരക്ഷിക്കാനുള്ള പണം നൽകാൻ നഗരവാസികൾ തയ്യാറല്ല. അതിനു ശ്രമിച്ചാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഓർത്ത് അങ്ങനെയുള്ള കാര്യങ്ങളിൽ നഗരസഭകൾ നിർബന്ധം പിടിക്കുന്നുമില്ല.

പക്ഷെ കുഴപ്പം എന്താണെന്ന് വച്ചാൽ നമ്മൾ ഒറ്റക്കൊറ്റക്കായി ഉണ്ടാക്കിയെടുക്കുന്ന ഈ ലാഭം മൊത്തം സമൂഹം എന്ന നിലയിൽ നമുക്ക് നഷ്ടപ്പെടുകയാണ്. കക്കൂസിലെ മാലിന്യം രാത്രി ഏതെങ്കിലും പുഴയിൽ തള്ളി ഒരു ഫ്ലാറ്റുകാർ കാശ് ലാഭിക്കുമ്പോൾ ആ പുഴയിൽ കുളിക്കുന്നവർക്കും, ആ വെള്ളത്തിൽ നിന്ന് കുടി വെള്ളം എടുക്കുന്നവർക്കും ഒക്കെ ആരോഗ്യത്തിന്റെ കാര്യത്തിൽ നഷ്ടം ഉണ്ടാകുന്നു. നാട്ടിൽ രോഗങ്ങൾ ഉണ്ടാകുന്നു, പടരുന്നു. അതിനെ ചികിൽസിക്കാൻ പണം ആശുപത്രിയിൽ ചിലവാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കോർപറേഷന് ടാക്‌സായി കൊടുത്തു നല്ല സീവേജ് ട്രീറ്റ്മെന്റ് ഉണ്ടാക്കേണ്ട പണം നമ്മൾ ആശുപത്രിക്കാർക്കും മരുന്ന് കമ്പനിക്കാർക്കും കൊടുക്കുന്നു. മുൻപ് പറഞ്ഞ ഓരോ കാര്യത്തിലും ഇത് പോലെ നമ്മൾ പ്രകൃതിയോട് ചെയ്യുന്നതിന്റെ പ്രത്യാഘാതമാണ് പ്രകൃതി നമുക്ക് തിരിച്ചുതരുന്നത് അല്ലെങ്കിൽ തരാൻ പോകുന്നതെന്ന് ആലോചിച്ചാൽ മനസിലാക്കാം. വാസ്‌തവത്തിൽ ഇത് സമൂഹത്തിന് നഷ്ടക്കച്ചവടമാണ്. ഒരു ഫ്ളാറ്റിലെ നൂറു വീട്ടുകാർ കക്കൂസിലെ വെള്ളം പുഴയിൽ ഒഴുക്കി ലാഭം ഉണ്ടാക്കുമ്പോൾ, പതിനായിരം പേരെങ്കിലും ആയിരിക്കും മലിനജലം കൊണ്ട് ബുദ്ധി മുട്ടുന്നത്. മല കുഴിച്ച് ഒരു മുതലാളി പത്തുകോടി ഉണ്ടാക്കി സ്ഥലം വിട്ടു കഴിഞ്ഞാൽ സമൂഹം നൂറുകോടി ചിലവാക്കേണ്ടി വരും പ്രകൃതിയുടെ ആ പരിക്ക് മാറ്റാൻ. ഇതൊന്നും ഞാൻ ചുമ്മാ പറയുന്നതല്ല. പരിസ്ഥിതിയിയുടെ സാമ്പത്തിക ശാസ്ത്രം (economics of environment) വച്ച് കൂട്ടി കണ്ടുപിടിക്കാവുന്നതാണ്.

നമ്മുടെ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുപട്ടികളുടെ ശല്യം നമ്മൾ സൗകര്യപൂർവം വീട്ടിൽ നിന്നും ഒഴിവാക്കുന്ന ഖരമാലിന്യവുമായി ബന്ധപ്പെട്ടതാണെന്ന് അറിയാൻ ‘പോലീസിന്റെ ഇന്ററോഗേഷനോ, വക്കീലിന്റെ പ്രോസിക്യൂഷനോ’ ഒന്നും വേണ്ട, സാമാന്യബുദ്ധി മതി. നഗരവാസികളും ഭരണാധികാരികളും തമ്മിലുള്ള പാരസ്പര്യം കൊണ്ട് മറച്ചു വെക്കാവുന്നതല്ല പരിസ്ഥിതിക്ക് നഗരജീവിതം ഉണ്ടാക്കുന്ന മുറിവുകൾ. ഈ മുറിവുകളാണ് പ്ലേഗ് ആയി സൂററ്റിനെ വിറപ്പിച്ചത്, ഈ മുറിവുകളാണ് പട്ടിയായി നമ്മുടെ ചന്തിക്ക് കടിക്കുന്നത്. ഈ പ്രശ്നത്തെ എലിപിടുത്തമായും, പട്ടിപിടുത്തമായും, കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ പിടുത്തമായും ഒക്കെ ആയി മാനേജ് ചെയ്യാൻ നോക്കുന്നത് ഓപ്പറേഷൻ വേണ്ട രോഗത്തിന് പ്ലാസ്റ്റർ ഒട്ടിക്കുന്ന പോലെയുള്ള പാഴ്‌വേല ആണ്.

 

Save

Save

Save

Save