“എൻ്റെ രാജ്യം എൻ്റെ അഭിമാനം” ദേശഭക്തി പാഠവുമായി ദൽഹി സർക്കാർ

0

ഡൽഹിയിലെ വിദ്യാഭ്യാസ കരിക്കുലത്തിൽ ദേശഭക്തി ഒരു വിഷയമായി പഠിപ്പിക്കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രി കെജ്രിവാൾ. രാജ്യത്ത് ശിഥിലീകരണ ശക്തികൾ വളർന്നു വരുന്ന വർത്തമാന കാലത്ത് വിദ്യാലയങ്ങൾ ദേശ സ്നേഹത്തിൻ്റെ പാഠശാലകളായി മാറിത്തീരുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രൈമറി ക്ലാസ്സുകൾ മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ദേശഭക്തി പഠനത്തിനായി സമയം നിജപ്പെടുത്തിയിട്ടുള്ള പഠന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിനായി പ്രത്യേക പ്രാർത്ഥനയും പ്രതിജ്ഞയും തയ്യാറാക്കായിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെപ്പറ്റിയും രക്തസാക്ഷികളെയും പറ്റി വിദ്യാർത്ഥികൾ ഡയറിക്കുറിപ്പുകൾ തയ്യാറാക്കേണ്ടതുണ്ട്.

ചരിത്ര പഠനത്തിൽ ഇടപെടലുകൾ നടത്തി ദുർവ്യാഖ്യാനം ചെയ്യാൻ ബോധപൂർവം ശ്രമം നടത്തുന്ന വർത്തമാന രാഷ്ടീയ അവസ്ഥയിൽ ഡൽഹി സർക്കാറിൻ്റെ ഈ തീരുമാനത്തെ അവസരോചിതം എന്ന് തന്നെ വിശേഷിപ്പിക്കാം. ധീരരായ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾ തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.

കേവലം ദിനാചരണങ്ങളിൽ ഒതുങ്ങാതെ നമ്മുടെ ഇന്നലെകളിലെ ത്യാഗത്തിൻ്റെ, വീറുറ്റ പോരാട്ടങ്ങളുടെ ഇതിഹാസങ്ങളിലൂടെ യുവത്വത്തിൻ്റെ ദേശഭക്തി പ്രസരിക്കേണ്ടത് നമ്മുടെ രാഷ്ടത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അനിവാര്യമായ ഘടകമാണെന്നുള്ള തിരിച്ചറിവ് ഭരണാധികാരികൾ പ്രകടിപ്പിക്കുന്നത് ശ്ലാഘനീയം തന്നെ.

“ഇന്ത്യ എൻ്റെ രാഷ്ടം – ഞാൻ അതിൽ അഭിമാനിക്കുന്നു. എന്നെയോർത്ത് എൻ്റെ രാജ്യവും അഭിമാനിക്കാൻ ഇടയാകട്ടെ ” എന്നത് തന്നെയാണ് ഈ ദേശഭക്തി വിദ്യാഭ്യാസത്തിലൂടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.