ഡിസ്‌ലൈക്ക് പെരുമഴയിൽ ആര്യ ദയാലിന്‍റെ അടിയേ കൊല്ലുതേ

0

സഖാവ് എന്ന കവിത ആലപിച്ച് ശ്രദ്ധേയയായ യുവ ഗായികയാണ് ആര്യ ദയാൽ. നിരവധി ഗാനങ്ങളുടെ കവർ രൂപങ്ങളും ആര്യ ഇതിനോടകം ചെയ്തു കഴിഞ്ഞു. എന്നാലിപ്പോൾ ആര്യ പുറത്തിറക്കിയിരിക്കുന്ന വിഡിയോയ്ക്ക് ലൈക്കിനേക്കാൾ ഏറെ ഡിസ് ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്‍റേതായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ വിഡിയോയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആര്യയും സുഹൃത്ത് സാജനും ചേർന്നാണ് ‘അടിയേ കൊല്ലുതേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്‍റെ കവർ വേർഷൻ പുറത്തിറക്കിയത്.
ലൈക്കിനേക്കാൾ ഡിസ് ലൈക്കാണെങ്കിലും കുപ്രസിദ്ധിയിലൂടെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഈ വിഡിയോ. അതേസമയം ട്രോളുകളും ഡിസ് ലൈക്കും കൂടിയതോടെ ഇതൊരു കവർ‌ ഗാനമല്ലെന്നും ജാം സെഷൻ ആയിരുന്നുന്നെന്നുമാണ് ആര്യ വിശദീകരിക്കുന്നത്.

മെയ് 5 നാണ് ആര്യ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തത്. പെർഫക്ട് ഓകെ എന്ന് ചിലർ കമന്‍റ് ചെയ്യുമ്പോൾ ‘ഈ ചേച്ചിയാണ് ചൈനയുടെ റോക്കറ്റ് തള്ളി താഴെ ഇട്ടതെന്ന് എത്ര പേർക്ക് അറിയാം’ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ‘ഇത്രയും നല്ല കമന്‍റ് ബോക്സ് തന്ന ആര്യക്ക് ഉന്‍റല്ലോ നന്ദി ഉന്‍റല്ലോ’-എന്നും മറ്റൊരാൾ കുറിക്കുന്നു.