നേപ്പാളിലേക്ക് പെട്രോളിനായി കന്നാസുമായി അതിർത്തി കടന്ന് ഇന്ത്യക്കാർ

0

ഇന്ധനവില രാജ്യത്ത് ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി കന്നാസുമായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തി ഇന്ധനം വാങ്ങുകയാണ് ഇന്ത്യക്കാർ.

രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ ഡീസല്‍ വില 100തൊട്ടതോടെയാണ് ജനത്തിന്റെ ഈ പരക്കം പാച്ചിൽ. പ്രതിഷേധങ്ങളും രോഷവും ഉയർന്നിട്ടും ഒരു ഇടപെടലുകളും കേന്ദ്രസർക്കാർ നടത്തുന്നില്ല. ഇതോടെയാണ് ആളുകൾ കന്നാസുമായി അതിർത്തി കടക്കുന്നത്.

നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില.വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. അനധികൃതയമായി ഇന്ധനകടത്തും അതിർത്തി മേഖലകളിൽ വ്യാപകമാണ്. ഇരുചക്രവാഹനങ്ങളിലും സൈക്കിളിലും നേപ്പാളിലേക്ക് പോയി അവിടെ നിന്നും വലിയ കന്നാസുകളിൽ പെട്രോൾ വാങ്ങി ഇന്ത്യയിലേക്ക് വരുന്ന ഗ്രാമീണർ ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിയന്ത്രണങ്ങൾ കുറവായതിനാൽ യാത്രാവിലക്കുമില്ല.

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ രണ്ട് ഡസനിലധികം ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന നേപ്പാൾ ഇന്ധനം ലാഭത്തിൽ ഇന്ത്യയിൽ മറിച്ച് വിൽക്കുന്നതും ഇപ്പോൾ പതിവാണ്.

നേപ്പാളില്‍ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാള്‍ രൂപ) ഇത് 69.50 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 58.88 രൂപയാണ്. 94.20 നേപ്പാള്‍ രൂപയാണ് അവിടെ ഡീസലിന്. ബീഹാറില്‍ പെട്രോളിന്റെ വില 92.51 രൂപയും ഡീസലിന് 85.70 രൂപയുമാണ്.

അതേസമയം രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോള്‍വില 100.07 രൂപയായി . ഒഡീഷയിലെ മൽക്കാൻഗിരിയിൽ ഡീസല്‍ ലിറ്ററിന് 91.62 രൂപയായി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്.