ധനുഷ് എന്ന നടനെ ഇത്രത്തോളം പ്രകടന ഗാംഭീര്യത്തോടെ അവതരിപ്പിക്കാൻ വെട്രിമാരൻ എന്ന സംവിധായകനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പൊല്ലാതവനിൽ തുടങ്ങി അസുരനിൽ എത്തി നിൽക്കുമ്പോൾ വെട്രിമാരൻ-ധനുഷ് എന്നത് ഒരു അസാധ്യ കോമ്പോ ആണെന്ന് അടിവരയിട്ടു പറയാം. ??

മണ്ണും മനുഷ്യനും ചതിയും പകയും പ്രതികരവുമൊക്കെ വന്യമായി അവതരിപ്പിക്കപ്പെടുന്ന വെട്രിമാരൻ ശൈലി ഈ സിനിമയിലും ഉണ്ട്.

ഒരു മനുഷ്യൻ മനുഷ്യൻ മാത്രമല്ല അസുരൻ കൂടിയാണ്. മനുഷ്യനിൽ നിന്ന് അസുരനിലേക്ക് ഒരാൾ പരിണാമപ്പെടുന്നത് വിവേക ശൂന്യതയിലൂടെയും പ്രതികാര ബുദ്ധികളിലൂടെയുമൊക്കെയാണ് എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ.

തിരിച്ചറിവുകളും വിവേകവും അസുരനെ മനുഷ്യനാക്കി മാറ്റുമ്പോഴും സാഹചര്യങ്ങൾ പലപ്പോഴും അതിനു വിലങ്ങു തടിയായി വരും. എത്ര തന്നെ വേണ്ടെന്നു വച്ചാലും അസുരതാണ്ഡവം ആടേണ്ടി വരും. ശിവസാമിയുടെ ജീവിതം അങ്ങിനെ ഒന്നാണ്.

അധികാരത്തിന്റെയും ജാതിയുടേയുമൊക്കെ മറവിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ഒരു ജനതയുടെ പ്രതിനിധികൾ കൂടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. മുതലാളിക്ക് താൻ എത്ര മേൽ പ്രിയപ്പെട്ടവൻ ആണെങ്കിലും അയാൾ മനസ്സ് കൊണ്ട് തന്നെ ഏത് നിലക്കാണ് കാണുന്നത് എന്ന് ബോധ്യപ്പെടുന്ന ശിവസാമി പിന്നീടാണ് പക്ഷം മാറി ചിന്തിക്കുന്നത്. തിരിച്ചറിവുകൾ ഒരു ഘട്ടത്തിൽ അയാളെ മാറ്റിയെടുക്കുമ്പോഴും അനിയന്ത്രീതമായ പകയും വെറിയും പ്രതികാരവും അയാളെ അസുരനാക്കിയും മാറ്റുന്നു.

ധനുഷിന്റെ ശിവസാമിയുടെ മാത്രമല്ല മഞ്ജു വാര്യരുടെ പച്ചൈയ്മായുടെ കൂടെയാണ് ‘അസുരൻ’. മഞ്ജു വാര്യരുടെ രണ്ടാം വരവിൽ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രം എന്ന് വിശേഷിപ്പിക്കാം. ?

കന്മദം സിനിമയിൽ ഒരു ഘട്ടം വരെ ശക്തമായ കഥാപാത്രമെന്നു തോന്നിപ്പിച്ച ഭാനുമതി വിശ്വനാഥന്റെ ഒരു ഉമ്മ കൊണ്ട് അലിഞ്ഞു പോയെങ്കിൽ ഇവിടെ അതേ ഭാനുമതിയുടെ അരിവാളും മുഖത്തെ കരിവാളിപ്പും കൊണ്ട് ശിവസാമിക്കൊപ്പം തീ പോലെ ജ്വലിച്ചു നിക്കുന്ന കഥാപാത്രമായി മാറുന്നു മഞ്ജു വാര്യർ. മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കാളും തമിഴ് സിനിമയിലേക്കുള്ള ആദ്യ ചുവട് വപ്പ് ഗംഭീരമാക്കി മാറ്റാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ??

പകയും പ്രതികാരവും വീട്ടാനുള്ളത് മാത്രമല്ല അതില്ലാതാക്കേണ്ട ഒന്ന് കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് സിനിമ. നമ്മുടെ കൈയ്യിലുള്ള സ്വത്തും സമ്പാദ്യവും മണ്ണുമൊക്കെ ആർക്കും പിടിച്ചു പറിക്കാം. പക്ഷെ വിദ്യാഭ്യാസം അതാർക്കും അപഹരിക്കാൻ സാധിക്കില്ല. ആ വിദ്യാഭ്യാസം കൊണ്ട് അധികാരം നേടാനും അവശർക്ക് അതിന്റെ ഗുണം ചെയ്യാനും പറയാൻ തോന്നുന്ന ശിവസാമിയുടെ വിവേകമാണ് ‘അസുരനെ’ വേറിട്ട് നിർത്തുന്ന മറ്റൊരു പ്രധാന ഘടകം.

സ്ഥിരം പ്രതികാര കഥകളിലെ നായക സങ്കൽപ്പത്തിൽ ഒതുക്കാതെ ധനുഷെന്ന നടനെ ശിവസാമിയാക്കി അസുരതാണ്ഡവമാടിച്ച വെട്രിമാരനും, ഇരുട്ടിൽ പുഴ മുറിച്ചു കടന്ന് മല കയറി ശിവസാമിയുടെ ഓർമ്മകൾക്കൊപ്പം പന്നിയുടെ പിന്നാലെ ഓടിക്കിതച്ചു കൊണ്ട് തുടങ്ങി രണ്ടു കാല ഘട്ടങ്ങളുടെ കഥ ക്യാമറയിൽ പകർത്തിയ വേൽരാജിന്റെ ഛായാഗ്രഹണ മികവുമാണ് അസുരനെ ഗംഭീരമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.