മയക്കുമരുന്ന് കേസിലെ പ്രതി അശ്വതി ബാബുവും സുഹൃത്തും വീണ്ടും പൊലീസ് പിടിയിൽ

0

കൊച്ചി: അമിത ലഹരിയില്‍ വാഹനമോടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തില്‍ സിനിമാ- സീരിയല്‍ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നാട്ടുകാരുടെ സഹായത്തോടെ തൃക്കാക്കര ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് 7.30നാണ് ഇവരെ പൊലീസ് പിടികൂടിയത്.

കുസാറ്റ് സിഗ്‌നല്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെ അപകടകരമായി ഡ്രൈവ് ചെയ്ത കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ഇവരെ നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും വാഹനം വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കി പക്ഷെ കാർ ലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ആ ശ്രമം പാഴാകുകയായിരുന്നു.

പിന്നീട് നാട്ടുകാര്‍ ഇവരെ വളഞ്ഞപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന നൗഫല്‍ നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ വീഡിയോ ദൃശ്യം പകര്‍ത്തിയ ശേഷം ഭീഷണിമുഴക്കുകയും ചെയ്തു.

നാട്ടുകാരിലൊരാൾ പൊലീസിനെ അറിയിച്ചതിനെത്തുടന്ന് തൃക്കാക്കര പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും കാറില്‍ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരുടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചു അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.

2018 ല്‍ തൃക്കാക്കര പൊലീസ് നിരോധിത മയക്കുമരുന്നുമായി അശ്വതി ബാബുവിനെ പിടികൂടിയിട്ടുണ്ടായിരുന്നു. അന്വേഷണത്തിൽ ഇവര്‍ പെണ്‍വാണിഭ സംഘത്തിൻ്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് കണ്ടെത്തിയിരുന്നു. 2018ല്‍ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ ഇവര്‍ ജയിലിലായെങ്കിലും പുറത്തെത്തിയതോടെ ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി മോഹന്‍ലാലിന്റെ വെളിപാടിൻ്റെ പുസ്തകം, സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.