എടിഎം കാര്‍ഡുകളിലെ പണംതട്ടിപ്പിന് വഴിതുറക്കുന്നത് ഓണ്‍ലൈന്‍ പര്‍ച്ചേസിംഗുകളോ ?

0

എടിഎം കാര്‍ഡിലെ പണംതട്ടിപ്പിന് വഴിതുറക്കുന്നത്  ഓണ്‍ലൈന്‍ പര്‍ച്ചേസിംഗാണെന്ന് വിദഗ്ദര്‍. ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസിംഗിലും ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ തട്ടിപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ ഇരയാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ദീപാവലി പോലെയുള്ള ആഘോഷകാലത്ത് വന്‍തോതില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഓഫറുകള്‍ നല്‍കുമ്പോള്‍ നിരവധി ആളുകളാണ് ഓണ്‍ലൈന്‍ ഓഫറിന് പിന്നാലെ ഓടുന്നതു. ഈ അവസരങ്ങള്‍ ആണ് തട്ടിപ്പുക്കാര്‍ മുതലാക്കുന്നത് .

രാജ്യത്ത് 70 കോടി ബാങ്കിംഗ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ 32 ലക്ഷം കാര്‍ഡുകള്‍ മാത്രമാണ് വിവിധ ബാങ്കുകള്‍ മരിവിപ്പിച്ചത്. എന്നാല്‍ നിലവിലുള്ള കാര്‍ഡുകളും സുക്ഷിതമായി ഉപയോഗിച്ചില്ലെങ്കില്‍ ഏത് സമയത്തും തട്ടിപ്പ് നടക്കാമെന്ന സാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേട്ടുകേള്‍വി പോലും ഇല്ലാത്ത ഓണ്‍ലൈന്‍ സൈറ്റുകള്‍ പെട്ടന്ന് വമ്പന്‍ ഓഫറുമായി പ്രത്യക്ഷപ്പെടുന്നിടത്താണ് ഒരു അപകടം. ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും കസ്റ്റമര്‍ എന്റര്‍ ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് ജോലി പിന്നെ എളുപ്പമാകും.തട്ടിപ്പുകള്‍ കൂടുതലും അരങ്ങേറുന്നതും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെയാണ് ആണിപ്പോള്‍ . സൈറ്റുകള്‍ക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ഹാക്ക് ചെയ്യുന്നവര്‍ക്ക് അനായാസം നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍ കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ പരമാവധി ഒഴിവാക്കുക. പകരം ക്യാഷ് ഓണ്‍ ഡെലിവറി രീതി സ്വീകരിക്കുക.

നേരിട്ടുള്ള ക്രഡിറ്റ് കാര്‍ഡ് പര്‍ച്ചേസിംഗിലും ഹോട്ടല്‍ ബില്ലിംഗിലുമടക്കം ഇത്തരം തട്ടിപ്പുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. കാര്‍ഡിലെ കാന്തിക ലൈനില്‍ പതിച്ചിരിക്കുന്ന കാര്‍ഡ് നമ്പര്‍, സിവിവി കോഡ്, കാലാവധി തീയതി തുടങ്ങിയവയും പാസ്‌വേഡ് ഒടിപി നമ്പറുകളും ബില്ലിംഗ് സമയത്ത് അശ്രദ്ധമായി കൈമാറുന്നതും തട്ടിപ്പിനെ ക്ഷണിച്ച് വരുത്തലാകും.. പക്ഷെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ എടിഎം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാം. ഇതാ ചില നിര്‍ദേശങ്ങള്‍

ബാങ്ക് ഇടപാടുകള്‍ക്ക് എസ്എംഎസ് അലര്‍ട്ട് ഉറപ്പ് വരുത്തുക. അക്കൗണ്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളോ മറ്റോ ഉണ്ടായാല്‍ നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് അലര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ചെറു പാസ് വേര്‍ഡുകള്‍ വയ്ക്കാതിരിക്കുക. പകരം സങ്കീര്‍ണ്ണവും നീളം കൂടിയതുമായവ ഉപയോഗിക്കുക. അതുപോലെ തന്നെ ഇടയ്ക്കിടെ പാസ് വേര്‍ഡ് മാറ്റാനും ശ്രദ്ധിക്കുക.

രഹസ്യ പിന്‍കോഡുകള്‍ ഒരുകാരണ വശാലും ആരുമായും പങ്ക് വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അക്കൗണ്ട് വിവരങ്ങള്‍ ഇടയ്ക്കിടെ സ്വയം പരിശോധിച്ച് ഉറപ്പ് വരുത്താനും ശ്രദ്ധിക്കണം. ബാങ്കില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.