സഹതടവുകാരിൽ നിന്നും ആക്രമണ ഭീഷണി: മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണം; അപേക്ഷയുമായി അരുണ്‍ ആനന്ദ്

0

തൊടുപുഴയിൽ ഏഴുവയസ്സുക്കാരനെ ക്രൂരമായി മർദിച്ചു കൊന്ന അരുൺ ആനന്ദിന് സഹതടവുകാരിൽ നിന്നും ആക്രമണ ഭീഷണി. അതിനാല്‍ തന്നെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് പ്രതി അപേക്ഷിച്ചു.സഹ തടവുകാരില്‍ നിന്നും ആക്രമണഭീഷണിയുണ്ടെന്നാണ് ജയില്‍ അധികൃതരോട് അരുണ്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ മുട്ടം ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അരുണ്‍.

ഇളയ കുട്ടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യാൻ അരുണ്‍ ആനന്ദിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയെ സമീപിക്കുന്നുണ്ട്. അതേസമയം കുട്ടിയുടെ അമ്മയുടെ രഹസ്യമൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അരുണ്‍ ഈ യുവതിയേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ വിവരങ്ങള്‍ കൗണ്‍സിലിംഗിനിടയില്‍ യുവതി തന്നെയാണ് പറഞ്ഞത്. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുമെന്നും അതിനൊപ്പം തന്നെയും മാനസികവും ശാരീരികവുമായി ഉപദ്രവിക്കുമെന്നും യുവതി പറയുന്നു.

സംഭവ ദിവസം കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നു യുവതി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഇവരുടെ മുഖത്തും ശരീരത്തും മര്‍ദ്ദനങ്ങളുടെ പാടുകളാണെന്ന് യുവതിയുടെ അമ്മയും പൊലീസിനോട് പറഞ്ഞിരുന്നു. നേരത്തെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

അന്ന് ഇവരുടെ ശരീരത്ത് തൊഴിയേറ്റതിന്റെയും അടികിട്ടിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. നീണ്ടകാലമായി യുവതി മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന് മനസിലായത്. ഇപ്പോള്‍ വീണ്ടും യുവതിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനാണ് തീരുമാനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതിനായി യുവതിയെ പ്രവേശിപ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുന്ന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ അമ്മയുടെ പേരിലും പോലീസ് കുറ്റം ചുമത്തുമെന്നാണ് അറിയാൻ കഴിയുന്ന വിവരം.