ഇന്ത്യയ്ക്ക് വിജയ തിളക്കം

0

മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയ തിളക്കം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 137 റൺസിന് ജയിച്ച ഇന്ത്യ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് നേടി ഓസീസിനെ കെട്ടുകെട്ടിച്ചു. രണ്ടാം ഇന്നിംഗ്സിൽ 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 261 റൺ‌സ് നേടി ഓൾഔട്ടാവുകയായിരുന്നു.


അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ജയിച്ചു. എന്നാല്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 146 റണ്‍സ് ജയത്തോടെ ഉജ്ജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സിഡ്നിയിൽ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ അത് ചരിത്രസംഭവമാകും. അങ്ങനെയെങ്കില്‍ ഇന്ത്യ ആദ്യമായിട്ടായിരിക്കും ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.


37 വർഷങ്ങൾക്ക് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ടെസ്റ്റ് മത്സരം ജയിക്കുന്നത്. കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ വിദേശത്ത് നേടുന്ന 11–ാം ടെസ്റ്റ് വിജയമാണിത്. ഇതോടെ, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് ജയിച്ച നായകനെന്ന സൗരവ് ഗാംഗുലിയുടെ റെക്കോർഡിനൊപ്പമെത്തി, കോഹ്‍ലി. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡിനും തൊട്ടടുത്തെത്തി. ധോണിക്ക് കീഴിൽ ഇന്ത്യ 27 ടെസ്റ്റ് വിജയങ്ങൾ നേടിയപ്പോൾ, കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ നേടുന്ന 26–ാം വിജയമാണിത്.
നാലാം ഓവറിലെ രണ്ടാം പന്തിൽ കമ്മിൻസിനെ പുറത്താക്കി ബുംറ ഇന്ത്യയെ വിജയത്തിന്‍റെ വക്കെത്തേക്ക് അടുപ്പിച്ചു. തൊട്ടടുത്ത ഓവറിൽ ഇഷാന്ത് ശർമ ലിയോണിനെ പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇനി സിഡ്നിയിലാണ് അങ്കം.