ടിവിയില്ല ,ഇന്റര്‍നെറ്റ് ഇല്ലേയില്ല; പക്ഷെ സൗജന്യ ഭക്ഷണമുണ്ട് ,താമസവും,ശമ്പളവുമുണ്ട്; ഓസ്ട്രേലിയയിലെ മാറ്റ്സുയ്കര്‍ ദ്വീപിലേക്ക് ഒരു കാവല്‍ക്കാരനെ ആവശ്യമുണ്ട്

0

സൗജന്യ ഭക്ഷണം, താമസം, ശമ്പളം പിന്നെ ബഹളങ്ങളില്‍ നിന്നും തികച്ചും മാറിയുള്ള ആറ് മാസത്തെ സ്വൈര്യ ജീവിതം,പക്ഷെ നിങ്ങള്‍ പോകേണ്ടത് യാതൊരു വാര്‍ത്താ വിനിമയ സംവിധാനങ്ങളുമില്ലാത്ത ദ്വീപിലേക്കാണങ്കിലോ? സമ്മതമാണെങ്കില്‍ ഓസ്ട്രേലിയയിലെ  ദ ടാസ്മാനിയന്‍ പാര്‍ക്‌സ് ആന്റ് വൈല്‍ഡ്‌ലൈഫ് സര്‍വ്വീസ്നിങ്ങളെ കാത്തിരിക്കുന്നു .ഇനി ജോലി പറയാം .

ഒരു ഏകാന്ത ദ്വീപിലേക്കാണ് നിങ്ങള്‍ പോകേണ്ടത് .അവിടുത്തെ കാവല്‍ക്കാരന്‍ ആകണം അതാണ് ജോലി .ഒരു ലൈറ്റ് ഹൗസും നാല് കിടപ്പറകളുള്ള അതിഥി മന്ദിരവുമാണ് മാറ്റ്സുയ്കര്‍ ദ്വീപില്‍ ആകെയുള്ള കെട്ടിടങ്ങള്‍. ലൈറ്റ് ഹൗസിന് മുകളില്‍ നിന്നുള്ളതും അല്ലാത്തതുമായ ദ്വീപിന്റെ സുന്ദരമായ കാഴ്ച്കള്‍ ഏതൊരാളേയും ആകര്‍ഷിക്കുന്നതാണ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ അതിഥി മന്ദിരത്തിലായിരിക്കും ദ്വീപിന്റെ കാവല്‍ക്കാരുടെ താമസം. ഇതിന് പ്രത്യേകം വാടകയൊന്നും ഈടാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ കണ്ട് അപേക്ഷ കൊടുക്കുന്നതിന് മുമ്പ് ഈ സുന്ദര ദ്വീപിലെ വെല്ലുവിളികള്‍ കൂടി മനസിലാക്കുന്നത് നല്ലതാണ്. ടിവി, ഇന്റര്‍നെറ്റ് തുടങ്ങിയതൊന്നും ആസ്‌ത്രേലിയയുടെ തെക്കേ അറ്റത്തുള്ള ഈ ദ്വീപിലുണ്ടാകില്ല. മൂന്നുമാസത്തില്‍ ഒരിക്കല്‍ ഭക്ഷണവും അവശ്യസാധനങ്ങളുമായി വരുന്ന ഹെലിക്കോപ്റ്റര്‍ മാത്രമായിരിക്കും പുറം ലോകവുമായുള്ള ബന്ധം. ഒരാളെ മാത്രമായി ദ്വീപില്‍ താമസിപ്പിക്കുന്നതിലെ അപകടസാധ്യത മുന്നില്‍ കണ്ട് ദമ്പതികളോ സുഹൃത്തുക്കളോ അടങ്ങുന്ന രണ്ടംഗ സംഘത്തിനാണ് പൊതുവെ അനുമതി നല്‍കാറ്.

കാവല്‍ക്കാരന്‍ ആയാലും പ്രത്യേകിച്ച് ജോലി ഒന്നും കാണില്ല .ആകെയുള്ള ലൈറ്റ് ഹൗസ് തനിയെ പ്രവര്‍ത്തിക്കുന്നതാണ്. പിന്നെയുള്ള പണി അതിഥി മന്ദിരം വൃത്തിയാക്കല്‍ ആണ് .ഇതിനൊപ്പം അതിഥി മന്ദിരത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിങ്ങള്‍ക്കാവശ്യമുള്ളതെന്തും കൃഷി ചെയ്യുകയും ചെയ്യാം.ഒരു തവണ ഹെലിക്കോപ്റ്റര്‍ ദ്വീപിലേക്ക് പോകുമ്പോള്‍ കൂടെ 800 കിലോഗ്രാം വരെ ഭക്ഷണവും വസ്ത്രവും അടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ അവസരമുണ്ട്. ഇത് ആദ്യമായല്ല ടാസ്മാനിയ ദ്വീപില്‍ കാവല്‍ക്കാരുടെ ജോലിക്ക് ആളെ വിളിക്കുന്നത്.

നേരത്തെ വിരമിച്ചവരും, നാവികരും, ചിത്രകാരന്മാരും, എഴുത്തുകാരുമെല്ലാം ഈ ഏകാന്ത ദ്വീപിന്റെ അതിഥികളായി വിജയകരമായിതന്നെ ആറ് മാസം താമസിച്ചിട്ടുണ്ട്. വളരെ സന്തോഷകരമായ അനുഭവമെന്നാണ് ഇവരില്‍ പലരും ദ്വീപുവാസത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.മാറ്റ്സുയ്കര്‍ ദ്വീപിന്‍റെ കാവലാളാവാനുള്ള അപേക്ഷ അയക്കാന്‍ ജനുവരി 30 വരെ സമയമുണ്ട്..താല്പര്യം ഉള്ളവര്‍ക്ക് ധൈര്യമായി അപേക്ഷ അയയ്ക്കാം .ഇനി പറയൂ പോകാന്‍ റെഡി ആണോ ?

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.