ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

0

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിസ്‌കോട്ട് മോറിസന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. ജനുവരി 13 മുതല്‍ 16 വരെ നീളുന്ന നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു. ഡല്‍ഹിയെ കൂടാതെ മുംബെ, ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ മേഖലകളില്‍ പടര്‍ന്ന കാട്ടുതീയില്‍ ഇതിനോടകം ഇരുപതുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറോളം വീടുകളും കത്തിയമര്‍ന്നു.