എ വി ഗോപിനാഥ് കോൺ​ഗ്രസ് വിട്ടു

0

പാലക്കാട്: കോൺ​ഗ്രസിൻ്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവച്ചു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെയാണ് രാജി. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയാണ് ഒടുവിൽ ഗോപിനാഥിന്റെ രാജിയിൽ കലാശിച്ചത്. പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി.​ഗോപിനാഥ് പറഞ്ഞു. ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.​ഗോപിനാഥ് പറഞ്ഞു.

അത്തരം ഒരു ചിന്ത പാർട്ടി പ്രവർത്തകനായ എന്നിലും കൂടിയാൽ എന്നെ കുറ്റപ്പെടുത്താൻ സാധിക്കില്ല. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടക്കുന്നതിനേക്കാളുപരി എവടെയെങ്കിലും വെച്ച് അവസാനിപ്പിക്കാൻ മനസ്സ് പലതവണയായി മന്ത്രിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷം മുതൽ കോൺഗ്രസുകാരൻ അല്ലാതായി മാറിയിരിക്കുന്നുവെന്നും നിലവിൽ മറ്റു പാർട്ടിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.