വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുത്, നാലുമണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കിൽ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകും; പുതിയ നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം

1

വിമാനയാത്രക്കാർക്ക് ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുതെന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍  വ്യോമയാന മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണ് പുതിയ നിയമങ്ങൾ സംബന്ധിച്ച് വ്യക്തമാക്കിയത്.

പുതിയ നിയമപ്രകാരം വിമാനക്കമ്പനിയുടെ പിഴവു മൂലം നാലുമണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കിൽ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകും. അതുപോലെ ഒരുദിവസം വൈകി പിറ്റേന്നാണ് വിമാനം പുറപ്പെടുന്നതെങ്കിൽ യാത്രക്കാരന് താമസസൗകര്യം ഒരുക്കണം, റദ്ദാക്കൽ തുക വിമാനടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനെക്കാളോ ഇന്ധന നിരക്കിനെക്കാളോ കൂടാൻ പാടില്ല, വിമാനം റദ്ദാക്കിയ വിവരം 24 മണിക്കൂറിനുള്ളിലാണ് യാത്രക്കാരനെ അറിയിക്കുന്നതെങ്കിൽ മുഴുവൻ തുകയും തിരികെ നല്കണം, യാത്രക്കാരന് കണക്ടറ്റഡ് ഫ്ലൈറ്റ് ലഭിച്ചില്ലെങ്കിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണം എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പെടുന്നു.

യാത്രക്കാരന് കണക്ടഡ് ഫ്ലൈറ്റ് ലഭിക്കാതിരുന്നത് ആദ്യം യാത്ര ചെയ്ത വിമാനം മൂന്നു മണിക്കൂറിലേറെ വൈകിയതു കാരണമാണെങ്കിൽ വിമാനക്കമ്പനി 5,000രൂപയും നാലുമണിക്കൂർ മുതൽ 12 മണിക്കൂർ വരെ വൈകിയാൽ 10,000 രൂപയും അതിലേറെ വൈകിയാൽ 20,000 രൂപയും നഷ്ടപരിഹാരം നൽകണം.യാത്രക്കാരുമായി റൺവേയിൽ ഒരു മണിക്കൂറിനു മേലെ വിമാനം നിർത്തുകയാണെങ്കിൽ സൗജന്യമായി വെള്ളവും ഭക്ഷണവും നൽകണം. രണ്ടു മണിക്കൂറിനു നിർത്തുകയാമെങ്കിൽ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കണം.പുതുക്കിയ മാറ്റങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിനുള്ളിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.