വരേണ്യവർഗ്ഗ സംസ്കൃതിയിൽ അഭിരമിച്ചിരുന്ന ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയ ഇന്നലെകളിലെ കേരളത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പോരാളിയായിരുന്ന അയ്യങ്കാളിയുടെ 158ാമത് ജന്മദിനമാണ് ഇന്ന് . അദ്ദേഹത്തിൻ്റെ വാക്കുകളും പ്രവൃത്തികളും കേരളത്തിൻ്റെ സാമൂഹ്യ ഘടനയിൽ സൃഷ്ടിച്ച വിപ്ലവം വളരെ വലുതായിരുന്നു. അയിത്ത ജാതിക്കാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ അദ്ദേഹം പോരാടിയിരുന്നു – പൊതുവഴിയും പൊതു വിദ്യാഭ്യാസവും ഔദാര്യമല്ലെന്നും അവകാശമാണെന്നും അധസ്ഥിതരെ പഠിപ്പിച്ചത് അയ്യങ്കാളിയായിരുന്നു.

ദളിത് ബാലികയായ പഞ്ചമിയെ അക്ഷര ലോകത്തിലേക്ക് നയിച്ചതും അവർണ്ണ ശരീരങ്ങൾക്ക് വസ്ത്രധാരണം നടത്താനും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൽ തങ്കത്താളുകളായി നില നിൽക്കുന്നുണ്ട്. അവകാശം നിഷേധിക്കപ്പെട്ടവർക്ക് അധ്വാനിക്കാനും മനസ്സില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചത് കേരളീയ സമൂഹത്തിന് പുത്തനുണർവ്വ് തന്നെ പ്രദാനം ചെയ്തു. കേരളത്തിലെ ആദ്യത്തെ പണിമുടക്ക് സമരം അയിത്തജാതിക്കാരൻ്റെ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടിയായിരുന്നു എന്നത് സ്മൃതികളിൽ പുളകം ചാർത്തുന്ന സംഭവം തന്നെ.

അവർണ്ണൻ്റെ ശരീരം പോലും അപമാനമാണെന്ന് കരുതിയ ഉന്നതകുലജാതർക്കുള്ള ശക്തമായ തിരിച്ചടിയായിരുന്നു കല്ലമാല സമരം’ ദളിതന് നിഷേധിക്കപ്പെട്ട പൊതു നിരത്തിലേക്ക് ധീരമായി ഓടിച്ചു കയറ്റിയ വില്ലുവണ്ടി സമരം അധസ്ഥിതരുടെ മുന്നേറ്റത്തിൻ്റെ അധികാരികമായ പ്രഖ്യാപനം കൂടിയായിരുന്നു. അദ്ദേഹം നടത്തിയത് ഒരു ഏകമുഖ പോരാട്ടമായാരുന്നില്ല. ഒരേ സമയം ഭരണാധികാരികളോടും വരേണ്യവർഗ്ഗത്തോടും സന്ധിയില്ലാത്ത സമരം നടത്തിയ അയ്യങ്കാളി കേരള നവോത്ഥാനത്തിൻ്റെ പ്രഭാത നക്ഷത്രം തന്നെയായി ജ്വലിച്ചുകൊണ്ടിരിക്കും.

അയ്യങ്കാളി സ്വപ്നം കണ്ട കേരളം എവിടെയെത്തി നിൽക്കുന്നുവെന്നും ഇന്ന് കേരളം വീണ്ടും ജാതി മത ശക്തികളുടെ കൈകളാൽ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലേക്കുള്ള ഒരു തിരിച്ചു പോക്കിലേക്കാണോ എന്നും ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. നാം കാത്തു സൂക്ഷിച്ചിരുന്ന നവോത്ഥാന മൂല്യങ്ങളെല്ലാം ചരിത്ര സ്മൃതികളായി അപ്രത്യക്ഷമാകുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയിൽ കേരളം മാറിത്തീരുകയാണോ എന്നുള്ള പുനർവിചിന്തനത്തിനുള്ള സമയം ആഗതമായി എന്ന് തന്നെയാണ് ഈ ജന്മദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. എന്ത് മറന്നു പോയാലും വില്ലുവണ്ടി സമരവും കല്ലമാല സമരവും വിസ്മൃതിയിൽ വിലയം ചെയ്യാൻ കേരളവും മലയാളിയും അനുവദിക്കുന്നത് ചരിത്ര നിഷേധവും നീതി നിഷേധവുമായിത്തീരും.