ബാഹുബലി 2 – ഒന്നും അവസാനിക്കുന്നില്ല.. തുടരുകയാണ്

0

ബിഗ് ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നാമനെന്ന വിശേഷണത്തോടെയായിരുന്നു 2015 ൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസാകുന്നത്. ബിഗ്‌ ബജറ്റ് സിനിമകളെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കണമെന്നില്ല എന്ന ബോധ്യമുള്ളപ്പോഴും രാജമൗലി എന്ന സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടായിരുന്നു. ആ പ്രതീക്ഷകൾ വെറുതെയായതുമില്ല. അന്നേ വരേക്കും ഇന്ത്യൻ സിനിമകളിൽ എവിടെയും കണ്ടിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലത്തിൽ ഒരു പിടി ശക്തമായ കഥാപാത്രങ്ങളെ ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കൊണ്ട് ‘ബാഹുബലി’ യെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ എന്തിനു കൊന്നു എന്നത് വിശദീകരിക്കാതെ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ഏകദേശം രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിന്റെ കഥയാണ് പ്രേക്ഷകർക്ക് തിരിച്ചു പറയാനുള്ളത്. ഇക്കാലയളവിനുള്ളിൽ രണ്ടാം ഭാഗത്തിലെ കഥ എന്തായിരിക്കുമെന്നത് സംബന്ധിച്ചുള്ള ഒരു ഏകദേശ രൂപം അവരവരുടെ ഭാവനയിൽ കാണാൻ എല്ലാ പ്രേക്ഷകർക്കും സാധിച്ചിട്ടുണ്ട് എന്നിരിക്കെ കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്നതിന്റെ ഉത്തരത്തെക്കാൾ കട്ടപ്പ ബാഹുബലിയെ കൊല്ലാനുണ്ടായ സാഹചര്യങ്ങളുടെ അവതരണ രീതി എങ്ങിനെയായിരിക്കും എന്നതായിരുന്നു ആകാംക്ഷയോടെ കാത്തിരുന്ന പ്രധാന കാര്യം. ആ തലത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർ ഇത്രയേറെ ചർച്ച ചെയ്യുകയും കാത്തിരിക്കുകയും ചെയ്ത മറ്റൊരു സിനിമ വേറെ ഉണ്ടാകില്ല. പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയാകാത്ത വിധം ബാഹുബലിയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുക എന്നത് രാജമൗലിയെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തവും ബാധ്യതയുമൊക്കെയായിരുന്നു. ആ അവതരണ ദൗത്യത്തിന്റെ വിധിയെഴുത്താണ് സത്യത്തിൽ ബാഹുബലി 2.

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നും ദേവസേന എങ്ങിനെ ചങ്ങലയിൽ ബന്ധിതയായി എന്നുമടക്കമുള്ള പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഭാവനാപരമായി കണ്ടെത്തിയ ശേഷമാണ് ഓരോ പ്രേക്ഷകനും ബാഹുബലി 2 കാണാൻ എത്തുകയെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെയാകാം ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിച്ച ഒന്നാം ഭാഗത്തിന്റെ തുടർച്ചയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉത്തരങ്ങളെ തീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഉത്തരങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതിലൂടെ പൊളിഞ്ഞു പോകുന്ന തരത്തിലുള്ള യാതൊരു സസ്പെൻസുകൾക്കും സിനിമയിൽ സ്ഥാനമില്ല. മഹിഷ്മതി സാമ്രാജ്യത്തിന്റെ വശ്യ ഭംഗിയും അധികാര ലബ്ധിക്കായുള്ള കുടിലബുദ്ധികളുടെ നീക്കങ്ങളും അമരേന്ദ്ര ബാഹുബലിയുടെ രാഷ്ട്രീയ സമീപനങ്ങളും ജനസ്വീകാര്യതയുമൊക്കെ ആദ്യഭാഗത്തിലുള്ളതിനേക്കാൾ വിശദമായി അവതരിപ്പിച്ചു കാണാം രണ്ടാം ബാഹുബലിയിൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ രണ്ടാം ഭാഗത്തിലാണ് ബാഹുബലിയുടെ ആരംഭ കഥ. കാലകേയ സൈന്യത്തോടുള്ള യുദ്ധം ജയിച്ച ശേഷം അമരേന്ദ്ര ബാഹുബലി മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവായി അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് ബാഹുബലി 2 ആരംഭിക്കുന്നത്.

ബാഹുബലി ഒന്നിന്റെ തുടർച്ച എന്നതിലുപരി ആദ്യഭാഗത്തിൽ കണ്ട അതേ കഥാപാത്രങ്ങളെയും അവരുടെ മാനസികവ്യാപാരങ്ങളെയും മറ്റൊരു കാൻവാസിൽ ബൃഹത്തായും സങ്കീർണ്ണമായും പുനരവതരിപ്പിക്കുന്ന സിനിമയാണ് ബാഹുബലി 2. അതേ സമയം കട്ടപ്പയുടെ കഥാപാത്രം ആരംഭത്തിൽ തെല്ലു നേരം അതിനൊരു അപവാദവുമാകുന്നുണ്ട്. കുറ്റബോധവും ദുഃഖഭാരവും നിറഞ്ഞ സംഘർഷഭരിതമായ ഒരു മുഖമായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിൽ കട്ടപ്പക്ക് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ നായകന്റെ കൂടെയുള്ള ഏതൊരു സാധാരണ സഹനടനും ചെയ്യേണ്ടി വരുന്ന സ്ഥിരം കോമഡി കളികളും നായക പ്രകീർത്തനങ്ങളുമെല്ലാം കട്ടപ്പക്കും ചെയ്യേണ്ടി വരുന്നുണ്ട്. അപ്രകാരം കഥാപാത്ര ശൈലിയിൽ അടിമുടി മാറ്റം വന്ന പുതിയ ഒരു കട്ടപ്പയെയാണ് ആദ്യത്തെ പത്തിരുപത് മിനിറ്റുകളിൽ കാണാൻ കിട്ടുന്നത്. ഒരു കാവൽ നായക്ക് സമമായി തന്റെ കർത്തവ്യബോധത്തിൽ നിന്നും തെല്ലിട വഴി മാറാതെ നടന്നിരുന്ന ഒരു കഥാപാത്രത്തെ അതുമല്ലെങ്കിൽ തീർത്തും ഗൗരവബോധമുള്ള ഒരു കഥാപാത്രസൃഷ്ടിയെ കോമഡിക്കായി വിനിയോഗിച്ചിടത്ത് സംവിധായകന് പാളിച്ച പറ്റിയോ എന്ന് സംശയിച്ചു പോകുന്ന രംഗങ്ങൾ. ഒന്നാം ഭാഗത്തിൽ അമരേന്ദ്ര ബാഹുബലിയുടെ ജനന സമയത്ത് സംവിധായകൻ ആദ്യമായി നമുക്ക് കട്ടപ്പയെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്ന് ഓർത്തു നോക്കുക. കട്ടപ്പ വിനീത ഭൃത്യനെങ്കിലും അയാൾ ആരോടും വിദൂഷക ശൈലിയിലല്ലായിരുന്നു പെരുമാറി കണ്ടത്. രൂപം കൊണ്ടും ഭാവം കൊണ്ടും അവ്വിധം നമുക്ക് പരിചയപ്പെടുത്തി തന്ന കട്ടപ്പയെ ഹാസ്യത്തിനായി ഉപയോഗിക്കുമ്പോൾ അയാളിലെ ഗൗരവസ്വഭാവം നിലനിർത്തി കൊണ്ടുള്ള ഹാസ്യാവതരണത്തിന്റെ സാധ്യതകൾ തേടാൻ രാജമൗലി ശ്രമിച്ചു കണ്ടില്ല. ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുമ്പോഴും ആദ്യ ഭാഗത്തിലെ പോലെ തന്നെ കഥയുടെ ഉള്ളും പൊരുളും അറിഞ്ഞു പെരുമാറുന്ന കഥാപാത്രമായി തന്നെ നിലകൊള്ളുന്നുണ്ട് കട്ടപ്പ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ സിനിമയിലെ എല്ലാ കേന്ദ്ര കഥാപാത്രങ്ങളോടും സമദൂര ബന്ധം സൂക്ഷിക്കുകയും പല കാരണങ്ങളാൽ ആരോടും ഉപേക്ഷ കാണിക്കാനാകാതെ എല്ലാവരുടെയും വിനീത ദാസനും അടിമയും കാവൽക്കാരനുമൊക്കെ കണക്കെ ജീവിക്കേണ്ടി വരുകയും ചെയ്യുന്ന ഒരാളാണ് കട്ടപ്പ. അക്കാരണങ്ങളാൽ സിനിമയിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷങ്ങളനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രവും അദ്ദേഹത്തിന്റേത് തന്നെ.

കഥാപാത്ര സൃഷ്ടി കൊണ്ടല്ലെങ്കിലും നിലപാടുകൾ കൊണ്ട് മഹാഭാരതത്തിലെ ഭീഷ്മരെ ഓർമ്മിപ്പിക്കും വിധമായിരുന്നു കട്ടപ്പയെ ബാഹുബലി ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചു കണ്ടത്. ധാർമിക പരിവേഷം ഉണ്ടായിട്ടും അധർമ്മ പക്ഷത്ത് നിൽക്കാൻ നിയോഗിക്കപ്പെട്ട ഭീഷ്മർക്ക് സമമായി വിവിധ സാഹചര്യങ്ങളിൽ മാനസിക സംഘർഷം അനുഭവിക്കുകയും ഒടുക്കം ശരി തെറ്റുകളെ കുറിച്ച് ചിന്തിക്കാതെ കർമ്മം തന്നെയാണ് ജീവിതം എന്ന തത്വത്തെ പിന്തുടരേണ്ടി വരുകയും ചെയ്ത കഥാപാത്രമായിരുന്നു കട്ടപ്പയുടേത്. എന്നാൽ രണ്ടാം ഭാഗത്തിൽ കഥാപാത്രത്തിന്റെ അത്തരം നിലപാടുകളിൽ മാറ്റം വരുത്തി കൊണ്ട് കട്ടപ്പയ്ക്ക് കൃഷ്ണ പരിവേഷം നൽകുന്നുണ്ട് രാജമൗലി. അർജ്ജുനനന്റെ സാരഥിയായ കൃഷ്‌ണനെ പോലെ മഹേന്ദ്ര ബാഹുബലിയുടെ ധർമ്മ യുദ്ധത്തിന്റെ തേര് തെളിയിക്കുന്നത് കട്ടപ്പയാണ്. കർമ്മത്തെ വിട്ടു ധർമ്മ പക്ഷത്തു നിൽക്കാൻ തീരുമാനിക്കുന്നത് തൊട്ട് ഭീഷ്മരുടെ പരിവേഷത്തിൽ നിന്നും സാവധാനം കൃഷ്ണ പരിവേഷത്തിലേക്ക് കൂടു മാറുകയാണ് കട്ടപ്പ. ഇത്തരത്തിൽ പല പുരാണ കഥാപാത്രങ്ങളുടെയും സമ്മിശ്ര ആത്മാംശങ്ങൾ പേറുന്നുണ്ട് ബാഹുബലിയിലെ ഓരോ കഥാപാത്രങ്ങളും. ദുര്യോധന- രാവണ സ്വഭാവം റാണ ദഗ്ഗുബതിയുടെ ഭല്ലാല ദേവയിൽ കാണാം. ശകുനിയുടെയും ധൃതരാഷ്ട്രരുടേയും പുതിയ പതിപ്പാണ്‌ നാസറിന്റെ ബിജ്ജാലദേവ. പുഴയിൽ ഒഴുക്കി വിട്ട കർണ്ണന്റെയും ദ്രൗപതി ശപഥം നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഭീമസേനന്റെയും സമ്മിശ്ര സ്വഭാവ രൂപമാണ് പ്രഭാസിന്റെ മഹേന്ദ്ര ബാഹുബലിക്ക്. കർണ്ണനെ നദിയിൽ നിന്ന് കളഞ്ഞു കിട്ടി വളർത്തി വലുതാക്കിയ രാധയാകട്ടെ സിനിമയിൽ മഹേന്ദ്ര ബാഹുബലിയുടെ വളർത്തമ്മയായ സംഗ എന്ന കഥാപാത്രമായും രൂപപ്പെട്ടു. രാവണന്റെ ബന്ധനത്തിൽ ലങ്കയിൽ കഴിയേണ്ടി വന്ന സീതയുടെയും ദുര്യോധനനാൽ അപമാനിക്കപ്പെട്ട ദ്രൌപതിയുടെ ശപഥ വീര്യവും ശൌര്യവുമെല്ലാം അനുഷ്ക്കയുടെ ദേവസേന മഹാറാണിയിൽ കാണാനാകും. അങ്ങിനെ സസൂക്ഷമം നിരീക്ഷിച്ചാൽ കഥയും കഥാപാത്രങ്ങളും പലതിൽ നിന്നും പരിണാമം സിദ്ധിച്ചു വന്നിട്ടുള്ളത് മാത്രമാണ്. എന്നാൽ കഥാ പശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കരണത്തിലെ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും ബാഹുബലി ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രമായി മാറിയിരിക്കുന്നു എന്നതാണ് സത്യം.

ആദ്യ ഭാഗത്തിലെ പോലെ തന്നെ രാജ്യതന്ത്രവും യുദ്ധതന്ത്രവുമടക്കമുള്ള നയന്തന്ത്ര രീതികളെ മനോഹരമായി അവതരിപ്പിച്ചു കാണാം രണ്ടാം ഭാഗത്തിലും. ആ കൂട്ടത്തിൽ രാജാ-പ്രജാ ബന്ധത്തെ കുറിച്ച് സിനിമ ഉയർത്തി പിടിക്കുന്ന കാഴ്ചപ്പാടുകൾ ഏറെ ഹൃദ്യമായിരുന്നു എന്ന് തന്നെ പറയാം. രാജാവ് എന്നാൽ ജനങ്ങളെ ഭരിക്കുന്നവനാണ് എന്ന പൊതുധാരണകളെ തിരുത്തുന്നതാണ് അമരേന്ദ്ര ബാഹുബലിയുടെ രാജകീയ നിലപാടുകൾ. ഭല്ലാല ദേവ മഹിഷ്മതിയുടെ രാജാവായി പ്രതിജ്ഞ ചെയ്ത് രാജസിംഹാസനത്തിലിരിക്കുമ്പോൾ കിട്ടാതെ പോയ കരഘോഷവും ആർപ്പുവിളിയും അമരേന്ദ്ര ബാഹുബലി സൈന്യാധിപനായി പ്രതിജ്ഞ ചെയ്യാനെത്തുമ്പോൾ ജനങ്ങൾ നൽകുന്നുണ്ട്. രാജാവിനേക്കാളും വലിയ ആവേശമായി സൈന്യാധിപൻ മാറുന്ന കാഴ്ച. അധികാരം ആര് കൈയ്യേറിയിട്ടും കാര്യമില്ല ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവനാണ് അവരുടെ രാജാവ് എന്ന് ബോധ്യപ്പെടുത്തുന്ന രംഗങ്ങൾ. അമരേന്ദ്ര ബാഹുബലിയോടുള്ള പ്രജകളുടെ ആവേശത്തിൽ ഒരു വേള ഭല്ലാലയുടെ സിംഹാസനം പോലും വിറ കൊള്ളുമ്പോൾ ആ സിംഹാസനത്തിന് ഉറപ്പ് പകരുന്നത് അമരേന്ദ്ര ബാഹുബലിയുടെ കൈകളാണ്. താൻ സൈന്യാധിപനായി ഇരിക്കുന്നിടത്തോളം കാലം രാജാവും രാജ്യവും പ്രജകളുമെല്ലാം തന്റെ സംരക്ഷണത്തിൽ സുരക്ഷിതരായിരിക്കുക തന്നെ ചെയ്യും എന്ന് വാക്കു കൊണ്ട് പറയാതെ പറഞ്ഞ ആ രംഗം ഗംഭീരമായിരുന്നു. പ്രജകളുടെ ആർപ്പുവിളിയിൽ നൂറിരട്ടി വലുപ്പം വച്ച ബാഹുബലിക്ക് മുന്നിൽ താൻ ചെറുതായിപ്പോയല്ലോ എന്നതിലുപരി തനിക്ക് ലഭിച്ച സിംഹാസനം പോലും അമരേന്ദ്ര ബാഹുബലിയുടെ ഔദാര്യമായി അനുഭവിക്കേണ്ടി വരുന്നതിലായിരുന്നു ഭല്ലാല ദേവയുടെ പക ആളിക്കത്തിയത്. ഭീമനും ദുര്യോധനനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലം ഓർത്തു പോകുന്നു ഈ ഘട്ടത്തിൽ. ഭീമന് കുട്ടിക്കളിയായിരുന്നെങ്കിലും ഭീമന്റെ കുസൃതികൾ കുട്ടികളായിരുന്ന ദുര്യോധനാദികളെ സംബന്ധിച്ച് അസഹ്യമായ ഉപദ്രവങ്ങളായിരുന്നു. ഒന്നുമറിയാത്ത കുട്ടിക്കാലത്തു തന്നെ ഭീമനെ ശത്രുവായി കാണുകയും കാളകൂട വിഷം നൽകി കൊല്ലാനും ദുര്യോധനൻ ശ്രമിക്കുകയുണ്ടായി. പക്ഷേ തനിക്ക് നേരെ വരുന്ന ഓരോ ചതി പ്രയോഗങ്ങളിൽ നിന്നും ഭീമൻ രക്ഷപ്പെടുകയും പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുകയുണ്ടായി. ഇവിടെ സിനിമയിൽ ഭല്ലാല ദേവക്ക് കുട്ടിക്കാലം തൊട്ട് മനസ്സിൽ അങ്ങനൊരു ശത്രുതയുണ്ടായിരുന്നതായി വ്യക്തമാക്കുന്നില്ലെങ്കിലും സ്വന്തം അമ്മയിൽ നിന്ന് തനിക്ക് പോലും കിട്ടാത്ത പരിഗണനകളും സ്നേഹവാത്സല്യങ്ങളും ബാഹുബലിക്ക് ലഭിക്കുന്നുവെന്ന ചിന്തയിൽ നിന്ന് തന്നെയാണ് അമരേന്ദ്ര ബാഹുബലിയെ തന്റെ ശത്രുവായി ഭല്ലാല മനസ്സിൽ കുടിയിരുത്തുന്നത്. ഒരർത്ഥത്തിൽ ഭല്ലാല ദേവയുടെ ദൈർഘ്യമേറിയ ആ ശത്രുതയുടെ കഥയും കൂടിയാണ് ബാഹുബലി.

ബാഹുബലി ഒന്നാം ഭാഗത്തിലെ ശിവുഡു-അവന്തിക പ്രണയം മാംസനിബന്ധമെന്നു തോന്നിപ്പിക്കും വിധമാണ് അവതരിപ്പിച്ചതെങ്കിലും രണ്ടാം ഭാഗത്തിലെ അമരേന്ദ്ര ബാഹുബലി-ദേവസേന പ്രണയാവതരണത്തിലൂടെ ആ തെറ്റ് തിരുത്തുന്നുണ്ട് രാജമൗലി. പോരാളിയെങ്കിലും നായകൻറെ സ്പർശനത്തിൽ ഞൊടിയിടയിൽ മയങ്ങി വീഴുന്ന കഥാപാത്ര ദൗർബല്യം അവന്തികക്കുണ്ടായിരുന്നുവെങ്കിൽ അമരേന്ദ്ര ബാഹുബലിക്കൊത്ത സ്ത്രീ സങ്കല്പമായാണ് ദേവസേനയെ സിനിമയിലുടനീളെ അവതരിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസവും ആത്മാഭിമാനവും ചങ്കൂറ്റവും ഉറച്ച നിലപാടുകളും കൊണ്ട് തന്നിലെ സ്ത്രീത്വത്തെ സിനിമക്കപ്പുറം ഉയർത്തി പിടിക്കാൻ സാധിക്കുന്നുണ്ട് അനുഷ്‌കയുടെ ദേവസേനക്ക്. പൊന്നും പണവും സമ്മാനമായി കൊടുത്തോ വാങ്ങിയോ അല്ല ഒരു പെണ്ണിന്റെ വിവാഹം പറഞ്ഞുറപ്പിക്കേണ്ടതെന്നും യുദ്ധത്തിനും ചൂതാട്ടത്തിനും പണയവസ്തു ആവേണ്ടവളല്ല സ്ത്രീയെന്നുമൊക്കെ ഓർമ്മപ്പെടുത്തുന്നുണ്ട് ദേവസേന. അമരേന്ദ്ര ബാഹുബലിയുമായുള്ള വിവാഹ വേളയിലും, മാഹിഷ്മതി രാജ കൊട്ടാരത്തിലെത്തുമ്പോഴും, തുടർന്നുണ്ടാകുന്ന ഓരോ രംഗങ്ങളിൽ പോലും ദേവസേനയിലെ സ്ത്രീ പ്രതാപം കാണാം നമുക്ക്. കുന്തള ദേശത്തെ രാജകുമാരിയിൽ നിന്ന് അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി മാറുമ്പോൾ ദേവസേനയുടെ കഥാപാത്ര പ്രൗഢി കൂടുന്നതേയുള്ളൂ. ശക്തനായ അമരേന്ദ്ര ബാഹുബലി നിസ്സഹായനായി പോകുന്ന സാഹചര്യത്തിൽ പോലും ദേവസേന കരുത്തുറ്റവളായി നിലകൊള്ളുന്നുണ്ട്. ആദ്യ ഭാഗത്തിൽ ശിവഗാമിയിലൂടെ കണ്ടറിഞ്ഞ സ്ത്രീ ഭരണത്തിന്റെ ഗാംഭീര്യത രണ്ടാം ഭാഗത്തിലെത്തുമ്പോൾ അഴകിന്റെയും ആയോധനത്തിന്റെയും റാണിയായ ദേവസേനയിലേക്ക് കൂടി പകർന്നു കൊടുക്കുന്നുണ്ട് സംവിധായകൻ.

ഒന്നിന്റെ ഒടുക്കം മറ്റൊന്നിന്റെ തുടക്കമെന്ന പോലെയുള്ള കഥന രീതി ബാഹുബലി സീരീസിൽ വളരെ പ്രകടമാണ്. പ്രായഭേദമന്യേ രണ്ടു മൂന്നു തലമുറകളിലെ കഥാപാത്രങ്ങൾ ഒരുമിച്ചും നേർക്കുനേരും വരുന്ന സിനിമയെന്ന പ്രത്യേകതയും ബാഹുബലിക്കുണ്ട്. മഹിഷ്മതി സാമ്രാജ്യത്യത്തിന്റെ അധികാര കൈമാറ്റങ്ങൾ തന്നെ എങ്ങിനെയായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. സോമദേവ രാജാവിനു ശേഷം മക്കളിൽ മൂത്തവനായ ബിജ്‌ജാല ദേവയിലേക്ക് പോകേണ്ടിയിരുന്ന രാജാധികാരം അദ്ദേഹം ഇളയമകന് നൽകുന്നു. ഒരു രാജാവിന് വേണ്ട ശാരീരിക ക്ഷമത മൂത്തമകനായ ബിജ്‌ജാല ദേവക്കില്ല എന്ന കാരണം കൊണ്ട് തന്നെയാകുമോ സോമദേവ രാജാവ് അധികാരം ഇളയമകനു സമ്മാനിച്ചത് എന്ന് നമുക്ക് ചിന്തിക്കേണ്ടി വരുന്നത് അനിയന്റെ മരണ ശേഷം അധികാരം നേടാൻ ബിജ്‌ജാല കാണിക്കുന്ന വക്രവിദ്യകൾ കാണുമ്പോഴാണ്. അപ്രകാരം ചിന്തിക്കുമ്പോൾ അമരേന്ദ്ര ബാഹുബലിയുടെ അച്ഛന്റെ മരണം  പോലും സംശയാസ്പദമാണ്. സഹോദരൻ ഇല്ലാതായപ്പോൾ സ്വാഭാവികമായും മഹിഷ്മതിയുടെ അധികാരം തനിക്ക് കിട്ടുമെന്ന് ബിജ്‌ജാല ദേവ ചിന്തിച്ചു. പക്ഷേ അവിടെയും തന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമരേന്ദ്ര ബാഹുബലിയുടെയും ഭല്ലാലദേവയുടെയും പേരിൽ ശിവഗാമി തന്ത്രപൂർവ്വം ഭരണം പിടിച്ചെടുത്തു. പിന്നീട് മകനായ ഭല്ലാല ദേവയെ രാജാവാക്കുന്നതിനു വേണ്ടിയായിരുന്നു അയാൾ കരുക്കൾ നീക്കിയത്. പക്ഷേ കാലകേയരോടുള്ള യുദ്ധശേഷം അമരേന്ദ്ര ബാഹുബലിയെ മഹിഷ്മതിയുടെ രാജാവാക്കാൻ ശിവഗാമി തീരുമാനിക്കുന്നതോടു കൂടെ ആ പ്രതീക്ഷയും മങ്ങുന്നു. ബിജ്‌ജാല ദേവ തന്റെ ലക്ഷ്യം കാണുന്നത് അമരേന്ദ്ര ബാഹുബലിക്കും ഭല്ലാല ദേവക്കുമിടയിൽ ദേവസേന എത്തുന്നതോട് കൂടെയാണ്. രാജാവാകാൻ അർഹത നേടിയ അമരേന്ദ്ര ബാഹുബലിയിൽ നിന്ന് രാജാമാതാ ശിവഗാമിയുടെ പിന്തുണയോടു കൂടെ ഭല്ലാല ദേവ അധികാരത്തിലേറുന്നു. ഭല്ലാല ദേവയിൽ നിന്ന് അധികാരം അമരേന്ദ്രേ ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയിലേക്ക് എത്തുന്നിടത്താണ് ബാഹുബലി സീരീസിന്റെ പരിസമാപ്തിയെന്നു തോന്നിപ്പിക്കുമെങ്കിലും അതിന് പിന്നെയും തുടർച്ചയുണ്ടെന്നു വേണം കരുതാൻ. ശിവഗാമിയുടെ രാജാമാതാ സ്ഥാനം ദേവസേനയിലൂടെയും അമരേന്ദ്ര ബാഹുബലിയുടെ രാജാവിന്റെ സ്ഥാനം മഹേന്ദ്ര ബാഹുബലിയിലൂടെയും തുടരുമ്പോൾ ഏറ്റവും പഴയ തലമുറയിലെ ബിജ്‌ജാല ദേവയും കട്ടപ്പയുമൊക്കെ മഹിഷ്മതി സാമ്രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ എല്ലാ അധികാര കൈമാറ്റങ്ങളുടെയും സാക്ഷിയായി നിലകൊള്ളുന്നു. അപ്രകാരം ബാഹുബലിമാരുടെ കഥകൾ അവസാനിക്കാത്ത വിധം മഹിഷ്മതി എന്ന ഭാവനാ ലോകത്തെ പ്രേക്ഷകരുടെ മനസ്സിലും തുടരാൻ അനുവദിക്കുകയാണ്  സംവിധായകൻ ചെയ്യുന്നത്.

ഹോളിവുഡ് സിനിമകളുടെ സാങ്കേതിക നിലവാരവുമായി താരതമ്യം ചെയ്ത് ബാഹുബലിയെ വിലയിരുത്തുന്ന രീതി യുക്തിപരമല്ല. സാങ്കേതിക വിദ്യയുടെ പൂർണ്ണത അവകാവശപ്പെടാനാകുന്ന സിനിമ അല്ലെങ്കിൽ കൂടി പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനെ നിരാശപ്പെടുത്താത്ത വിധം അവതരണ മികവുള്ള ഇന്ത്യൻ സിനിമ എന്ന നിലക്ക് ബാഹുബലി 2ന് കൈയ്യടി നൽകേണ്ടതുണ്ട്.ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മിൽ ഒരു താരതമ്യം നടത്തി മികച്ചതേത് എന്ന് പറയുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കാരണം ഒന്നാം ഭാഗത്തിൽ കണ്ടു പരിചയമായ കഥാപരിസരവും കഥാപാത്രങ്ങളുമൊക്കെ തന്നെയാണ് രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ കാത്തിരുന്ന കാലയളവിന് പ്രതിഫലമെന്നോണം കുറെയേറെ പുതുമയുള്ള കാഴ്ചകൾ കിട്ടിയില്ലല്ലോ എന്ന പരാതിക്ക് പ്രസക്തിയില്ല. പിന്നെയുള്ളത് അതിശയോക്തിയുടെ കാര്യമാണ്. ഒന്നാം ഭാഗത്തിൽ അതിശയോക്തി നിറഞ്ഞതെങ്കിലും സാങ്കേതിക മികവിന്റെ പിന്തുണയിൽ വന്ന വൈവിധ്യങ്ങളായ ദൃശ്യവിസ്മയങ്ങളെ പുതുമയോടെയാണ് ആസ്വദിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ അത്തരം രംഗങ്ങളിൽ പുതുമയെ ആസ്വദിക്കാതെ അതിശയോക്തിയെ ചോദ്യം ചെയ്യേണ്ടി വരുന്നുണ്ട്. അവിശ്വസനീയമായ രംഗങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ അവതരിപ്പിക്കുമ്പോൾ പോലും കാണുന്നവന് അത് യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്നിടത്താണ് രംഗാവിഷ്‌ക്കാരം അതിന്റെ പൂർണ്ണാർത്ഥത്തിൽ വിജയിക്കുന്നത് എന്നിരിക്കെ ഇവിടെ പന വലിച്ചു താഴ്ത്തി അതിന്റെ സ്‌പ്രിങ്‌ പവറിൽ കൊട്ടാരത്തിനകത്തേക്ക് പറന്നു ചെല്ലുന്ന പടയാളികളെയൊക്കെ കാണുമ്പോൾ നെറ്റി ഒരൽപ്പം ചുളിക്കേണ്ടി വരുന്നുണ്ട്. കാര്യങ്ങൾ അങ്ങിനെയൊക്കെയെങ്കിലും വാണിജ്യ കൗശലം കൊണ്ട് ഹോളിവുഡ് സിനിമകളോട് മത്സരിക്കാനും ലോക സിനിമാ മാർക്കറ്റിൽ സ്വന്തമായൊരു വിപണന മൂല്യം ഉണ്ടാക്കിയെടുക്കാനും ഇന്ത്യൻ സിനിമകൾക്ക് പ്രാപ്തിയുണ്ട് എന്ന് തെളിയിക്കുന്നുണ്ട് ബാഹുബലിയുടെ റെക്കോർഡ് ബോക്സോഫീസ് കളക്ഷൻ. ആഗോള സിനിമാ ലോകത്ത് ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്ന് ധരിച്ചിരിക്കുന്നവരുടെ മുന്നിലേക്കാണ് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മറ്റൊരു ഭാഷാ സിനിമ എത്തുന്നത് എന്ന് കൂടെ എന്നോർക്കണം. ആഗോളതലത്തിൽ തെലുഗു ഭാഷാ സിനിമക്കുണ്ടായ ഈ മുന്നേറ്റം ഭാവിയിൽ മറ്റു പ്രാദേശിക ഭാഷാ സിനിമകൾക്കും ഉണ്ടായിക്കൂടാ എന്ന് പറയാൻ പറ്റില്ല. ആ തലത്തിലുള്ള ബജറ്റ് സിനിമാ ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കുകയാണ് ബാഹുബലി 2 ന്റെ വാണിജ്യ വിജയം.

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ സ്‌ക്രീനിൽ കാണുന്നതിലൂടെ മാത്രം ആസ്വാദന പൂർണ്ണത കിട്ടുന്ന സിനിമകളുടെ കൂട്ടത്തിലാണ് ബാഹുബലി സീരീസ്. ആകാര വഴക്കം കൊണ്ടും പ്രകടന മികവ് കൊണ്ടും പ്രേക്ഷകനെ അതിശയിപ്പിക്കുന്നുണ്ട് പ്രഭാസും റാണയുമൊക്കെ. കീരവാണിയുടെ സംഗീതവും, ബിജിഎമ്മും സിനിമക്ക് കൊടുത്ത പിന്തുണ ചെറുതല്ല. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണ മികവ് ഒന്നാം ഭാഗത്തേക്കാൾ മികച്ചു നിൽക്കുന്നു. സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും കോട്ടഗിരി വെങ്കിടേശ്വര റാവുവിന്റെ എഡിറ്റിങ്ങും പ്രതിപാദിക്കാതെ പറഞ്ഞവസാനിപ്പിക്കാൻ പറ്റുന്നതല്ല ബാഹുബലിയുടെ ആസ്വാദനം. മഹിഷ്മതി രാജ്യത്തിലെ പ്രജകൾക്കൊപ്പം സിനിമ കാണുന്ന പ്രേക്ഷകരെ കൊണ്ടും ബാഹുബലിക്ക് ജയ് വിളിപ്പിക്കാൻ സാധിച്ചെങ്കിൽ ആ സംവിധാന മികവിനെ രാജമൗലി മാജിക് എന്ന് വിളിച്ചാലും അതിശയോക്തിയില്ല. പോരായ്മാകളില്ലാത്ത കുറ്റമറ്റ ഒരു സിനിമ അല്ല ബാഹുബലി 2 എന്ന് സമ്മതിച്ചു തരുമ്പോഴും ആസ്വാദന സുഖം ഉറപ്പ് തരുന്ന ഇത്തരം സിനിമാ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ മാറി നിൽക്കാനാകില്ല ഒരു പ്രേക്ഷകനും.

Originally Published in സിനിമാ വിചാരണ; ലേഖകന്‍റെ ബ്ലോഗ്‌ ഇവിടെ വായിക്കാം.