ശരീരത്തില്‍ കൊറോണ വൈറസിനെതിരായുള്ള ആന്റിബോഡിയുമായി സിംഗപ്പൂരിൽ കുഞ്ഞിന്റെ ജനനം

0

ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരാണ് സംഭവം. ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിക്കുകയും പിന്നീട് രോഗമുക്തയാകുകയും ചെയ്ത യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തിലാണ് കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തിയത്.

സെലിന്‍ നിഗ് ചാന്‍ എന്ന യുവതിയാണ് കുഞ്ഞിന് ജമ്മം നല്‍കിയത്. മാര്‍ച്ചിലായിരുന്നു ഇവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നത്. എന്നാല്‍ കുട്ടിയെ രോഗം ബാധിച്ചിട്ടില്ല. തന്നില്‍ നിന്ന് കൊവിഡിനെതിരായ ആന്റി ബോഡികള്‍ കുഞ്ഞിലേക്ക് പോയതാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് യുവതി വ്യക്തമാക്കി.

കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവകസാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്സില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

നേരത്തെ സമാനമായ സംഭവം ചൈനയിലും റിപ്പോർട്ട് ചെയ്തിരുന്നു.അമ്മയില്‍ നിന്ന് ഭ്രൂണാവസ്ഥയിലോ ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തതോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തില്‍ ഇതു വരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.ഇതിനിടെയാണ് ശരീരത്തിൽ ആൻഡി ബോഡിയുമായി വീണ്ടും കുഞ്ഞ് ജനിച്ചത്.