അപകടസമയം കാറോടിച്ചത് ബാലഭാസ്കര്‍ അല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി; ​ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

0

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാല ഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ ദുരൂഹതയേറ്റി ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകടത്തിലപ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ലെന്നാണ് അപകടത്തില്‍ നിന്ന് സുഖംപ്രാപിച്ചു വരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി.

ഇതിനു വിരുദ്ധമായാണ് നേരത്തെ ഡ്രൈവറായ അര്‍ജുന്‍ മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും മൊഴികളിലുണ്ടായിരിക്കുന്ന വൈരുദ്ധ്യമാണ് ദുരൂഹതയുണര്‍ത്തുന്നത്. 
മുന്‍ സീറ്റിലിരുന്ന തനിക്കൊപ്പമായിരുന്നു മകള്‍ തേജസ്വിനി ബാലയെന്നും ലക്ഷ്മി മൊഴി നല്‍കി.

അതേസമയം അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നാണ് ഡ്രൈവറായ അര്‍ജുന്‍ നേരത്തെ നല്‍കിയിരിക്കുന്ന മൊഴി. തൃശ്ശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനുശേഷം ബാലഭാസ്‌കറുമാണ് കാറോടിച്ചിരുന്നതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്. 
സെപ്റ്റംബര്‍ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കര്‍ ഒക്‌ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.