ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഏതാണെന്ന് അറിയാമോ ?

0

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റി അയയ്ക്കുന്ന കാര്‍ ഏതാണെന് അറിയാമോ? ആ സ്ഥാനം ഷെവര്‍ലെ ബീറ്റിനാണ്. അതെ ഷെവര്‍ലെ ബീറ്റാണ് ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 45,222 യൂണിറ്റ് ബീറ്റുകളെയാണ് ജനറല്‍ മോട്ടോര്‍സ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 30,613 യൂണിറ്റുകളായിരുന്നു ബീറ്റിന്റെ കയറ്റുമതി. പൂനെയിലുള്ള ടാലെഗോണ്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നും ചിലി, പെറു, അര്‍ജന്റീന, അമേരിക്കന്‍ വിപണികളിലേക്കാണ് ലെഫ്റ്റ്-ഹാന്‍ഡ്-ഡ്രൈവ് ബീറ്റുകളെ ജിഎം അണിനിരത്തുന്നത്. പുതുതലമുറ ബീറ്റ് ഇന്ത്യയില്‍ അവതരിക്കാന്‍ നില്‍ക്കെയാണ് വിപണിയില്‍ നിന്നുമുള്ള പിന്മാറ്റം അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

കാര്‍ കയറ്റുമതിയില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് രണ്ടാം സ്ഥാനത്ത്. 41,430 യൂണിറ്റുകളെയാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം പ്രഥമ സ്ഥാനം കൈയ്യടക്കിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നിലവില്‍ മൂന്നാമതാണ്.