മഞ്ജു വാര്യരെ കണ്ടു കെട്ടിപ്പിടിച്ചു കരഞ്ഞ ആ ‘ആരാധിക’ ആരാണെന്ന് അറിയാമോ?; കോഴിക്കോടുക്കാര്‍ക്ക് സുപരിചിതയായ ബീഗം റാബിയ

0

‘ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മയ്ക്ക് എന്തൊക്കെയോ പറയാനും ബാക്കിയുണ്ടെന്ന് തോന്നി. എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ഥനയും എന്നെ താങ്ങിനിര്‍ത്തട്ടെ..’ കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ തന്നെ തേടിയെത്തിയ ഒരു അപൂര്‍വ്വ ആരാധികയെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചതു ഇങ്ങനെയാണ്.

ഇന്നലെ കോഴിക്കോട്ട് മഞ്ജു വാര്യര്‍ വന്നപ്പോഴാണ് ഒരു മുത്തശ്ശി ഓടി വന്നു മഞ്ജുവിനെ കെട്ടിപ്പിടിച്ചത്.സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്തിനാണ് കരയുന്നത് എന്ന മഞ്ജുവിന്റെ ചോദ്യത്തിനു സന്തോഷം കൊണ്ടാണെന്നായിരുന്നു അവരുടെ മറുപടി.

എന്നാല്‍ ആ മുത്തശ്ശി ആരാണെന്ന് പിന്നെയാണ് സോഷ്യല്‍ മീഡിയ അറിഞ്ഞത്. അത് മറ്റാരുമല്ല.പഴയകാല നടന്‍ സത്യന്‍ വരെ നായികയാക്കാന്‍ ക്ഷണിച്ച ആളായിരുന്നു ആ മുത്തശ്ശി. ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗം. കോഴിക്കോട് ആകാശവാണിയുടെ ചരിത്രത്തിന്റെ ഭാഗമായ ബീഗം റാബിയ ആയിരുന്നു മഞ്ജു വാര്യരെ തേടിയെത്തിയ ആ ‘അജ്ഞാത’ ആരാധിക. അറുപത്തിയഞ്ച് വര്‍ഷമായി ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് ബീഗം റാബിയ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. അന്നു നായകനായി അഭിനയിച്ചതു കെ പി ഉമ്മറും. സത്യനും രാമു കാര്യട്ടും നേരിട്ടെത്തി സിനിമയിലേയ്ക്കു ക്ഷിച്ചിരുന്നു എങ്കിലും കളിയാക്കലുകളെ ഭയന്ന് ഇവര്‍ അഭിനയിക്കാന്‍ പോയില്ല. പാട്ടിനേയും സിനിമയേയും സ്‌നേഹിച്ച് ഇന്നും ഇവര്‍ കോഴിക്കോട്ട് ഒറ്റമുറി വീട്ടില്‍ കഴിയുകയാണ്.