ബെംഗളൂരുവിൽ കാറപകടത്തിൽ മലയാളി ഡോക്ടറടക്കം ഏഴുപേർ മരിച്ചു

0

ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ആഡംബര കാർ റോഡരികിലെ കെട്ടിടത്തിന്റെ മതിലിലിടിച്ച് മലയാളി യുവതിയുൾപ്പെടെ ഏഴുപേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ ഡി.എം കെ. എം.എൽ.എ. വൈ. പ്രകാശിന്റെ മകനും മരുമകളും മരിച്ചവരിൽ ഉൾപ്പെടും. കുറ്റിപ്പുറം തവനൂർ കടകശ്ശേരി പടിക്കൽ വീട്ടിൽ മുരളീദാസ് പടിക്കലിന്റെ മകൾ ഡോ. ധനുഷ പടിക്കലാണ്(26) മരിച്ച മലയാളി. വൈ. പ്രകാശിന്റെ മകൻ കരുണ സാഗർ പ്രകാശ് (28), ഭാര്യ ഡോ. സി. ബിന്ദു (28), സുഹൃത്തുക്കളായ അക്ഷയ് ഗോയൽ (24), ഹുബ്ബള്ളി സ്വദേശി രോഹിത് ലാഡ്വ (23), ഹരിയാണ സ്വദേശി ഉത്സവ് (25), മഹാരാഷ്ട്ര സ്വദേശി യഷിത ബിശ്വാസ് (21) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

ഇവർ സഞ്ചരിച്ച കാർ ബെംഗളൂരു കോറമംഗലയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ റോഡരികിലെ നടപ്പാതയിലുണ്ടായിരുന്ന ഇരുമ്പുതൂണുകൾ തകർത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ കെട്ടിടത്തിന്റെ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഒരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. കാറിനകത്തെ സുരക്ഷാസംവിധാനങ്ങൾ അപകടസമയം പ്രവർത്തിച്ചില്ലെന്നാണ് സൂചന.

കാർ പൂർണമായും തകർന്നു. കരുണാസാഗറാണ് കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന ആറുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ബെംഗളൂരുവിൽ ദന്തഡോക്ടറാണ് ഡോ. ധനുഷ പടിക്കൽ. മരിച്ച ഡോ. സി. ബിന്ദുവും ഡോ. ധനുഷ പടിക്കലും ബെംഗളൂരുവിലെ ഡെന്റൽ കോളേജിൽ സഹപാഠികളായിരുന്നു. ഇവരും മറ്റുസുഹൃത്തുക്കളും ചേർന്ന് കോറമംഗലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.