പാഴ്സലിനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്; മാപ്പ് പറഞ്ഞ് ആമസോൺ

0

ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.