അഭിനന്ദൻ ലഹോറിലെത്തി; നാലര മണിയോടെ വാഗാ അതിര്‍ത്തിയിൽ എത്തും

0

വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റാവൽപിണ്ടിയിൽനിന്ന് ലഹോറിലെത്തിച്ചു. വാഗാ അതിർത്തി വഴി വൈകുന്നേരത്തോടെ ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രാവിലെ അറിയിച്ചിരുന്നു.

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്നത്.

പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടായിരിക്കും പാക് സൈന്യം അഭിനന്ദനെ കൈമാറുക എന്നാണ് അറിയുന്നത്. അതിന് ശേഷം വാഗാ അതിര്‍ത്തിയിലെത്തിച്ച ശേഷം വ്യോമ സേനയുടെ ഗ്രൂപ്പ് കമാന്‍ഡന്‍റ് ജെഡി കുരിയൻ ഇന്ത്യയിലേക്ക് വരവേൽക്കും.വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമൻ നേരിട്ടും വാഗാ അതിര്‍ത്തിയിലേത്തിയേക്കുമെന്നും സൂചനയുണ്ട്