വിസയും പാസ്പോര്‍ട്ടുമില്ലാതെ ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അയല്‍രാജ്യം

0

വിസയും പാസ്പോര്‍ട്ടുമില്ലാതെ ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ടു രാജ്യങ്ങളുണ്ട്‌  നമ്മുടെ തൊട്ടയലത്ത്. ഏതാണെന്നോ ? നേപ്പാളും ഭൂട്ടാനും. ഭൂട്ടാനില്‍ പോകുന്നതിനു നമ്മുടെ നാട്ടില്‍ നിന്നു കൊല്‍ക്കൊത്ത വരെയും പിന്നീട് അവിടെ നിന്ന് ഭൂട്ടാന്‍ അതിര്‍ത്തിയോട് ഏറ്റവുമടുത്തുള്ള റയില്‍വേ സ്‌റ്റേഷനായ ഹസിമാറ വരേക്കും ട്രയിനില്‍ പോകാവുന്നതാണ്.

ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കാല്‍ നടയായി തന്നെ മുറിച്ചു കടക്കാവുന്നതാണ്. കാല്‍നടയായി അങ്ങോട്ടു പോവുന്നവര്‍ക്കും ഇങ്ങോട്ടു വരുന്നവര്‍ക്കും ഇതിനു ഇടതു ഭാഗത്തായി വെവ്വേറെ ചെറിയ പ്രവേശന വഴികളുണ്ട്. അതിര്‍ത്തി മുറിച്ചു ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമമായ ഫുന്‍ഷോലിങ്ങിലേക്കു കടക്കുന്നതിനു യാതൊരു രേഖയും കാണിക്കേണ്ടതില്ല. പക്ഷേ ഇന്ത്യയില്‍ നാം മറന്നു പോയ പല അടിസ്ഥാന പാഠങ്ങളും വീണ്ടും ഓര്‍മ്മിച്ചെടുക്കേണ്ടി വരും . അതിലൊന്നാണു സീബ്രാ ലൈന്‍ മാത്രമാണ് റോഡ് മുറിച്ചു കടക്കാനുള്ള ഏക മാര്‍ഗ്ഗം എന്നത് .

ഇന്ത്യ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നു ഏകദേശം 300 മീറ്ററുകള്‍ മുന്നോട്ട് നടന്നാല്‍ വലതു വശത്തായി ഭൂട്ടാനില്‍ പ്രവേശിക്കുന്നതിനുള്ള എന്‍ട്രി പാസ് ലഭിക്കുന്നിടം കാണാം . അവിടെ ഒരു ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ തിമ്പുവിലേക്കും പാരോവിലേക്കും പോകാനുള്ള പെര്‍മിഷന്‍ പാസ് ലഭിക്കും . ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പുവിലേക്കും അവരുടെ ഏക അന്താരാഷ്ട്ര വിമാനത്താവളമുള്ള പാരോയിലേക്കും ചെല്ലാനും 7 ദിവസം വരെ താമസിക്കാനുമുള്ള അനുമതിപത്രവുമാണിത്. രാവിലെ 9 മണി മുതലാണ് ഈ ഓഫീസ് പ്രവര്‍ ത്തിക്കുന്നത്. നിങ്ങളുടെ വാച്ചില്‍ എത്രയാണോ സമയം കാണിക്കുന്നത് അതിനോട് ഒരു അര മണിക്കൂര്‍ അധികം കൂട്ടുക. കാരണം ഭൂട്ടാന്‍ സമയം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ അര മണിക്കൂര്‍ മുമ്പിലാണ്.

ഭൂട്ടാനിലെ നിയമങ്ങള്‍ നിയമങ്ങള്‍ തന്നെയാണെന്നും അവ അനുസരിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാവട്ടെ ഭൂട്ടാനിലേക്കു കടക്കുമ്പോഴുള്ള ആദ്യത്തെ പാഠം. സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കുന്ന നമുക്ക് വേണ്ടി എത്ര വില വില കൂടിയ വാഹനങ്ങളായാലും അവ നിര്‍ത്തി നമ്മള്‍ റോഡ് മുറിച്ചു കടക്കുന്നത് വരെ ക്ഷമാപൂര്‍വ്വ൦  കാത്തിരിക്കുക തന്നെ ചെയ്യും ഭൂട്ടാനില്‍.