ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

0

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ സംശയങ്ങള്‍ ദൂരീകരിക്കാനും നിയമസാധുത ഉറപ്പുവരുത്താനും ഇന്നത്തെ സഭാ സമ്മേളനത്തില്‍ അഡ്വക്കേറ്റ് ജനറലിനെ സഭയിലേക്ക് ക്ഷണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പലഘട്ടങ്ങളിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിന്റെ നിലപാടും ഇന്ന് നിര്‍ണായകമാണ്.

സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുക. ഇതിന് പകരമായി ഓരോ മേഖലയിലും പ്രഗല്‍ഭരായ വ്യക്തികളെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തും. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖേനെ സര്‍വകലാശാലകളുടെ ചാന്‍സലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.

ഓരേ വിഭാഗത്തില്‍പ്പെടുന്ന സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. 75 വയസാണ് പ്രായപരിധി. ചാന്‍സലറാകുന്ന വ്യക്തിക്ക് ഒരു തവണ കൂടി അവസരം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. എന്നാല്‍ ചാന്‍സലര്‍മാരുടെ യോഗ്യത, ഇവരെ മന്ത്രിസഭ തെരഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന സ്വജന പക്ഷപാത ആരോപണം, പ്രൊ ചാന്‍സലര്‍ കൂടിയായ മന്ത്രി തെരഞ്ഞെടുക്കുന്ന വ്യക്തി ഒരേ വേദി പങ്കിടുമ്പോഴുള്ള പ്രോട്ടോക്കോള്‍ പ്രശ്നം ഇതിലെല്ലാം ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

നിയമസഭയില്‍ ബില്‍ എത്തുമ്പോള്‍ ഇതിനെല്ലാമുള്ള മുറുപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ബില്ലിന്റെ നിയമസാധുത സംബന്ധിച്ച് അംഗങ്ങള്‍ക്ക് സംശയമുള്ളതിനാല്‍ അഡ്വക്കേറ്റ് ജനറലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ലീഗിന്റെ നിലപാട് ഇന്ന് നിര്‍ണായകമാണ്. പലഘട്ടങ്ങളിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിച്ച ലീഗ് ഇന്ന് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് പ്രധാനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.