എഫ്‌ ഐ ആര്‍ റദ്ദാക്കാന്‍ ബിനോയ് ഹൈക്കോടതിയില്‍

0

മുംബൈ: യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ബിനോയ് കോടിയേരി.ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ഹർജി ഈ മാസം 24 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. പോലീസ് ആവശ്യപ്പെട്ട ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഹാജരാകണമെന്ന് നേരത്തെ സെഷന്‍സ് കോടതി പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ ഒരു മാസം തുടർച്ചയായി എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് ഹാജരാകേണ്ടതാണ്. കഴിഞ്ഞ തവണ ഹാജരായപ്പോൾആരോഗ്യ പ്രശ്നങ്ങൾ കാരണം ഡിഎൻഎ പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞിരുന്നു.