സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. വനംവകുപ്പ് മന്ത്രി കെ രാജുവാണ് ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലും കുട്ടനാട്ടിലും താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലുമെന്നും വനം മന്ത്രി അറിയിച്ചു. ഏകദേശം 38000ത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ഡിസംബര്‍ 19 മുതലാണ് ആലപ്പുഴ ജില്ലയിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടുതുടങ്ങിയത്. ക്രിസ്മസ് കച്ചവടത്തിന്റെ തിരക്കില്‍ കര്‍ഷകര്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടേറെ വില്‍പ്പനയും നടന്നിരുന്നു. ഒരു കര്‍ഷകന്റെ 7000 താറാവുകള്‍ വരെ ചത്തൊടുങ്ങിയ അവസ്ഥയുണ്ടായി. താറാവുകള്‍ക്കല്ലാതെ മറ്റേതെങ്കിലും പക്ഷികള്‍ക്ക് രോഗബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ടകളില്ല.

കഴിഞ്ഞ ദിവസം രാജസ്ഥാനിലും മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചിരുന്നു.