പാലാ വചനം പാലോ പാഷാണമോ?

0

പാലാ ബിഷപ്പ് പറഞ്ഞത് പ്രബുദ്ധ കേരളം ഗഹനമായിത്തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതിനെ കേവലം സാന്ദർഭികമായി നടത്തിയ നിരുപദ്രവകരമായ വചനങ്ങളായി പരിഗണിക്കാൻ കഴിയില്ല. ഒരു മതമേധാവിയും വ്യക്തമായ തെളിവോ രേഖകളോ ഇല്ലാതെ ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ പാടില്ല. അടുത്ത കാലത്തായി കേരളത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മത സൗഹാർദ്ദവും സഹിഷ്ണുതയും പൂർണമായും തകർക്കാനുളള ബോധപൂർവ്വമുള്ള ശ്രമമായും മതസ്പർദ്ധ വളർത്താനും മാത്രമേ പാലാ ബിഷപ്പിൻ്റെ അഭിപ്രായം സഹായകരമായിത്തീരുകയുള്ളൂ എന്നത് തന്നെയാണ് യാഥാർത്ഥ്യം.

ഒരു മത വിഭാഗത്തെ കുറ്റവാളികളാക്കി ബോധപൂർവ്വം പ്രതിസ്ഥാനത്ത് നിർത്തി കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികളുടെ ഇഷ്ടതോഴരായി മാറി തീരാനുള്ള കുറുക്കുവഴിയായി മാത്രമേ ഈ പ്രസ്താവനയെ കാണാൻ കഴിയുകയുള്ളൂ. മതതീവ്രവാദികൾ ഭീകര പ്രവർത്തനങ്ങൾ നടത്തി രാഷ്ട്രത്തെ ശിഥിലമാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നത് വർത്തമാന രാഷ്ട്രീയ യാഥാർത്ഥ്യമാണ്. എന്നാൽ ഒരു മത വിഭാഗത്തിൻ്റെ പ്രവർത്തന ങ്ങളെല്ലാം സംശയത്തോടെ വീക്ഷിക്കുന്നതും കേരളത്തിലെ മതസൗഹാർദ്ദം തകർക്കുവാൻ ഇടയായേക്കും.

പലവട്ടം ഉയർത്തിയ കോടതി പോലും തെളിവില്ലെന്നും അടിസ്ഥാന രഹിതമെന്നും കണ്ടെത്തിയ “ലവ് ജിഹാദ്” ആരോപണത്തിന് പുറമേ “നാർക്കോട്ടിക് ജിഹാദ് ” എന്ന ഒരു പുതിയ പദപ്രയോഗവുമാണ് പാലാ ബിഷപ്പിൻ്റേതായി പുറത്ത് വന്ന പ്രഖ്യാപനം. ഇത് കേവലം നിഷ്കളങ്കമായ ഒന്നല്ല. കാത്തോലിക്കാ യുവതികളും യുവാക്കളും കരുതിയിരിക്കണമെന്ന ബിഷപ്പിൻ്റെ പ്രഖ്യാപനം അപകടകരമായ ആഹ്വാനം തന്നെയാണ്. ആരാണ് അപകടകാരികൾ എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും. ഏത് മത വിഭാഗമായാലും പുരോഹിതന്മാർ വിവേകത്തിൻ്റെ ഭാഷയിലാണ് സംസാരിക്കേണ്ടത്. അതാണ് നമ്മുടെ പാരമ്പര്യവും സംസ്കാരവുമെന്ന് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.