രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ

0

മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

മത്സരത്തിന് മുൻപ്, തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതായി ബി.ജെ.പിയുടെ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഇന്നത്തെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞത് ‘ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍, സഖ്യത്തിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഞങ്ങള്‍ സ്ഥാപിക്കും’ എന്നായിരുന്നു.

അതിനിടെ, വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡേയ്ക്കെഴുതിയ കത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡേയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.