അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ്ഗിലെ പൈലറ്റ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി

0

ന്യൂഡൽഹി∙ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. നവംബർ 26നു വൈകിട്ടായിരുന്നു അപകടം. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു. അപകടം നടന്ന് 11 ദിവസങ്ങള്‍ക്കു ശേഷമാണ് ഗോവയുടെ തീരത്തിനു സമീപം കടലിന്റെ അടിത്തട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

കരയില്‍നിന്ന് 30 മൈലുകള്‍ അകലെ 70 മീറ്റര്‍ ആഴത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു. കർ‌ണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്ന് പറന്നുപൊങ്ങിയ മിഗ് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയായ രണ്ടാം പൈലറ്റിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. നിഷാന്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.