ആലപ്പുഴയിൽ കടലിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി

0

ആലപ്പുഴ: സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി. ഞാറാഴ്ചയാണ് ആദികൃഷ്ണൻ എന്ന കുട്ടിയെ കടലിൽ കാണാതായത്. അമ്മയ്ക്കും ബന്ധുകൾക്കുമൊപ്പം കടൽ കാണാൻ എത്തിയപ്പോഴായിരുന്നു അപകടം നടന്നത്. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകനാണ് ആദികൃഷ്ണ.

ഞായറാഴ്ച പകല്‍ രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ അടുത്തുനിന്ന കുട്ടി തിരയില്‍ പെടുകയായിരുന്നു. ഇ.എസ്.ഐ. ആശുപത്രിക്കു സമീപത്തുള്ള ബീച്ചിലായിരുന്നു സംഭവം. രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

തൃശൂരിൽ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലപ്പുഴയിലുള്ള അമ്മയുടെ സഹോദരി സന്ധ്യയുടെ വീട്ടിലെത്തിയതായിരുന്നു അനിതയും മക്കളും. ഇതിനിടെ കടൽ കാണണമെന്ന് കുട്ടികൾ നിർബന്ധം പിടിച്ചു. തുടർന്ന് സന്ധ്യയുടെ ഭർത്താവ് ബിനു കുട്ടികളേയും അനിതയേയും കൂട്ടി കടൽ കാണാൻ കൊണ്ടുപോയി. ശക്തമായ മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ദമായിരുന്നു. അരമണിക്കൂറോളം കടലിൽ കളിച്ചു. ബിനു കാറിന് സമീപം പോയി മടങ്ങി വരുന്നതിനിടെയാണ് ആദികൃഷ്ണൻ തിരയിൽപ്പെട്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ തിരയിൽ കാണാതാകുകയായിരുന്നു.