ഇന്തൊനീഷ്യ വിമാനാപകടം: ശരീര ഭാഗങ്ങളും വിമാനാവശിഷ്ടങ്ങളും കടലിൽ കണ്ടെത്തി

1

ജക്കാര്‍ത്ത: 62പേരുമായി തകര്‍ന്നുവീണ ഇന്‍ഡൊനീഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. യാത്രക്കാരുടെ ശരീരഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളുമാണ് ജാവ കടലിൽനിന്ന് ഞായറാഴ്ച പുലർച്ചെ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകര്‍ന്നു വീഴുകയുമായിരുന്നു.

ശ്രീവിജയ എയറിന്റെ ഫ്ലൈറ്റ് 182ൽ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ പത്തു കുട്ടികളും ഉൾപ്പെടുന്നു. വിമാനം കിടക്കുന്നതിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല. ശ്രമങ്ങൾ തുടരുകയാണെന്നാണ് ഇന്തൊനീഷ്യൻ ഗതാഗത മന്ത്രി ബുഡി കാര്യ സുമധി അറിയിച്ചു. ലാൻകാങ്, ലാകി ദ്വീപുകൾക്കിടയിൽനിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്.

തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ രണ്ട് കേന്ദ്രത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് കപ്പലുകള്‍ നിയോഗിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടു കൂടി ജക്കാർത്തയുടെ വടക്കൻ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികൾ ഒരു സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയായതിനാൽ എന്താണ് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾക്കു മനസ്സിലായില്ല. വെള്ളം ഉയർന്നുപൊങ്ങുന്നതു കണ്ടു. എന്നാൽ സൂനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിയിരുന്നു അവരെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽനിന്നുള്ള അവശിഷ്ടങ്ങളും ഇന്ധനവും ബോട്ടിനുചുറ്റും അടിഞ്ഞുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.