ബോറിസ് ജോൺസൺ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി; നാളെ അധികാരമേറ്റെടുക്കും

0

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.തെരേസ മേയ് രാജി വെച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബ്രിട്ടനില്‍ കളമൊരുങ്ങിയത്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോൽപ്പിച്ചത്. 45,497 (66 ശതമാനം) വോട്ടുകൾക്കാണ് ബോറിസ് ജോണ്‍സന്‍റെ ജയം. വോട്ടെടുപ്പിൽ 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ പങ്കെടുത്തു. കരാറുകളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്നും ബ്രക്സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുമെന്നും ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. അധികാരമാറ്റത്തോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബോറിസിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ വിമതശബ്ദങ്ങളുമുണ്ട്.

1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിതീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.