വെറും മൂന്നര സെക്കന്‍റിനുള്ളിൽ ദേ പാലം തകർന്നു; വീഡിയോ വൈറല്‍

0

കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് ചൈനയിലെ നൻഹു പാലം തകര്‍ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 700 കിലോ ഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഞായറാഴ്ചയാണ് പാലം തകർത്തത്.

പ്രാദേശിക ചാനലുകളും മാധ്യമങ്ങളും പോസ്റ്റ് ചെയ്ത പാലം തകർക്കുന്ന വീഡിയോ ഉടനെ തന്നെ വൈറലാവുകയായിരുന്നു. പുതിയ പാലം പണിയുന്നതിനുവേണ്ടിയാണ് പഴയ പാലം തകർത്തതെന്നാണ് ചൈന ഗ്ലോബൽടൈംസ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു. 1978 ൽ നിർമിച്ച നൻഹു പാലത്തിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയത് പണിയാൻ തീരുമാനിച്ചത്. ചൈനയിലെ ജിലിൻ പ്രവിശ്യയിലാണ് ഈ പാലം ഉളളത്.

150 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള പാലത്തിൽ 710 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചാണ് പൊട്ടിത്തെറി സൃഷ്ടിച്ചത്. ഈ വർഷം സെപ്റ്റംബറിൽ പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും 100 വർഷം നിലനിൽക്കുന്ന തരത്തിലാണ് പാലം നിർമിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.