ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മെത്രാഭിഷേകവും, സ്ഥാനാരോഹണവും,കത്തീഡ്രൽ കൂദാശയും ഒക്ടോബർ 9 ന്

0

ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ സ്വന്തം രൂപത എന്ന ദീർഘകാല സ്വപ്‌നം പൂർണ്ണമാകുന്നതിന്റെ ഭാഗമായുള്ള മെത്രാഭിഷേകവും,സ്ഥാനോരോഹണവും,കത്തീഡ്രൽ പള്ളിയുടെ കൂദാശകർമ്മവും, രൂപതയുടെ ഉദ്ഘാടനവും ഒക്ടോബർ 9 നു പ്രൗഢ ഗംഭീരവും,ഭക്തി നിർഭരവുമായി പ്രസ്റ്റണിൽ ആഘോഷിക്കുന്നു.

പ്രസ്റ്റൺ  സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ  മാർ ജോസഫ് ശ്രാമ്പിക്കൽ പരിശുദ്ധ കത്തോലിക്കാ സഭയുടെ വിവിധ റീത്തുകളുടെ മഹനീയ ഉന്നത അധികാരികളുടെ കാർമ്മികത്വത്തിലും, സാന്നിദ്ധ്യത്തിലും അഭിഷേകം സ്വീകരിച്ചു ആയിരക്കണക്കിന് വന്നെത്തുന്ന വിശ്വാസി മക്കളെ  സാക്ഷി നിറുത്തി മേല്പട്ട  ശുശ്രുഷ   ഏറ്റെടുക്കും.

സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് റോമൻ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ കാർഡിനാൾ മാർ വിൻസന്റ് നിക്കോളസ്സ്,സീറോ മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ കാർഡിനൽ മാർ ബസേലിയോസ് ക്ലിമീസ്, ആതിഥേയ ലങ്കാസ്റ്റർ രൂപതയുടെ ബിഷപ്പ് മാർ മൈക്കിൾ കാംപ്ബെൽ, മൈഗ്രന്റ്‌സ് കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റിൻ വടക്കേൽ,പാലാ രൂപതയുടെ അദ്ധ്യക്ഷനും നവ മെത്രാന്റെ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്,എമിരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ,പാലാ രൂപതയുടെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പുതുതായി നിയോഗിക്കപ്പെട്ട മോണ്‍.സ്റ്റീഫന്‍ ചിറപ്പണം,മാർ ജേക്കബ് അങ്ങാടിയത്ത്,മാർ ജോയി ആലപ്പാട്ട്( ഇരുവരും യുഎസ്),മാർ ബോസ്‌കോ പുത്തൂർ (ആസ്‌ത്രേലിയ),ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ്ജ് ഞരളക്കാട്ട് ,മാർ ജോസഫ് പെരുന്തോട്ടം എന്നിവരും, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ,ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ തുടങ്ങി 20 ഓളം പിതാക്കന്മാർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിസ്റ്റണിലെ വി.അല്‍സഫോൻസാ ദേവാലയത്തെ കത്തീഡ്രൽ ആയി ഉയർത്തുന്ന കൂദാശകർമ്മം,സ്ഥാനാരോഹണം,സീറോ മലബാർ സഭയുടെ യൂ കെ യിലെ രൂപതയുടെ ഉദ്ഘാടനം തുടങ്ങിയ തിരുക്കർമ്മങ്ങൾ വി.അൽഫോൻസാ ദേവാലയത്തിൽ വെച്ച്‌ തന്നെ നടത്തപ്പെടുവാനാണ് ഉദ്ദേശിക്കുന്നത്.
പിന്നീട് നടത്തപ്പെടുന്ന സാംസ്കാരിക പരിപാടിയിൽ യു കെ സീറോ
മലബാർ സഭക്കും പുതിയ പിതാവിനും പ്രാർത്ഥനകൾ നേരുവാനും വിജയങ്ങൾ ആശംശിക്കുവാനും കൂടാതെ യു കെ യിലെ സീറോ മലബാർ സഭയുടെ മഹാ ഉദ്യമത്തിന്റെ ചരിത്ര വിജയത്തിൽ കാർമ്മികത്വം വഹിക്കുവാനും,അനുഗ്രഹീത സാന്നിദ്ധ്യം നൽകിയ വിശിഷ്‌ട വ്യക്തികൾക്കും,ഈ ചടങ്ങു വർണ്ണാഭവും വിജയവുമാക്കിയ ഏവർക്കും നന്ദി പ്രകാശിപ്പിക്കുവാനും ഉള്ള മുഖ്യ വേദിയാകും.
പരിപാടികളുടെ ശരിയായ  ക്രമീകരണം പൂർണ്ണവും വ്യക്തവുമായി രൂപപ്പെടുന്നതിനു അനുസൃതമായി വിശദമായ റിപ്പോർട്ടുകൾ എല്ലാ മാസ്സ് സെനറ്ററുകളിലും,വാർത്താ മാദ്ധ്യമങ്ങളിലും നൽകുന്നതാണ്.യു കെ സീറോ മലബാർ സഭയുടെ ചരിത ധന്യ നിമിഷത്തെ പ്രൗഢ ഗംഭീരമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്ക് അവരുടെ മാസ് സെന്ററുകളുടെ നേതൃത്വത്തിൽ ഓരോ വിശ്വാസികളും ആവേശപൂർവ്വം കൈകോർത്തു കഴിഞ്ഞു