പാമ്പിനെ കൊല്ലാൻ കരിമ്പിൻ തോട്ടത്തിൽ തീയിട്ടു; വെന്തു മരിച്ചതോ അഞ്ചു പുലികുഞ്ഞുങ്ങൾ

0

പാമ്പിനെ കൊല്ലാൻ വേണ്ടി കരിമ്പിൻ തോട്ടത്തിൽ തീയിട്ടപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച. പത്തു ദിവസം പ്രായമായ അഞ്ച് പുലി കുഞ്ഞുങ്ങളാണ് തീയിട്ടപ്പോൾ തോട്ടത്തിൽ വെന്തു മരിച്ചത്. പൂനെയിലെ ഗൗഡെവാടി ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടത്തിൽ പാമ്പുണ്ടെന്ന മുൻധാരണയിൽ കർഷകർ തീയിടുകയായിരുന്നു. ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പുലി കുഞ്ഞുങ്ങളെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ പുലി ഇരതേടി പോയ സമയമാവണം തോട്ടത്തിൽ തീയിട്ടതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളെ അന്വേഷിച്ച കാണാതാവുമ്പോൾ പുലി അക്രമക്കാരിയാവാൻ സാധ്യതയുള്ളതിനാൽ കൃഷിയിടത്തേക്ക് പോകാതിരിക്കുകയാണ് കർഷകർ. രാത്രിയിലെ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

കാടുകൾ വെട്ടി നശിപ്പിക്കുന്നതോടെ വാസ സ്ഥലം അന്വേഷിച്ചെത്തുന്ന പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുക. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മ പുലികള്‍ പ്രസവിക്കുന്നതും. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും അവരുടെ താമസമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.