ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബസ് അപകടത്തില്‍പെട്ടു; 18 പേര്‍ക്ക് പരിക്ക്

0

പാലക്കാട്: ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കുവന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കു തിരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 38 പേരാണ് ബസ്സിലുണ്ടായിരുന്നത്.ബെംഗളൂരുവില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ സാധാരണ വാളായാര്‍ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍, അപകടത്തില്‍പ്പെട്ട ബസ് ചിറ്റൂര്‍ ഭാഗത്തത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ബസ്സിന് തൊട്ടുപിന്നാലെവന്ന പോലീസ് ജീപ്പില്‍ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബസ്സിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിമുഴുവന്‍ പേരെയും പുറത്തെത്തിച്ചു.