ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് കൂട്ടി: ബസ്സ് ചാര്‍ജ് മിനിമം 10 രൂപ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ് ചാര്‍ജ് മിനിമം നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കാന്‍ തീരുമാനം. ഫെയര്‍ സ്റ്റേജിന് ശേഷമുള്ള ഓരോകിലോമീറ്ററിനും 90 പൈസയ്്ക്കുപകരം ഒരു രൂപയാക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും. ഓട്ടോ ചാര്‍ജ് മിനിമം നിരക്ക് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി . ടാക്സികളുടെ കുറ‍ഞ്ഞകൂലി 200 രൂപയാക്കി. സര്‍ക്കാര്‍ ഉത്തരവിറക്കുന്നയുടന്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ ബസുടമകള്‍ അസംതൃപ്തരാണ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ശക്തമായ സമരം നടക്കുന്ന സാഹചര്യത്തില്‍ കണ്‍സഷന്‍ നിരക്ക് കൂട്ടി വിദ്യാര്‍ഥി സംഘടനകളെ കൂടി സമരരംഗത്തേക്ക് തള്ളി വിടുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് ഇടതുമുന്നണി വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. അതുകൊണ്ടാണ് ബസുടമകളുടെ ആവശ്യം ന്യായമെന്നുപറഞ്ഞ് ഗതാഗതമന്ത്രി സമാധാനിപ്പിക്കാന്‍ ശ്രമിച്ചതും.

അതേസമയം , മന്ത്രി പ്രഖ്യാപിച്ച ഓട്ടോ നിരക്ക് അംഗീകരിക്കുന്നില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാർ പറഞ്ഞു‍. ധര്‍മ്മം തന്നില്ലെങ്കിലും വേണ്ടില്ല, പട്ടിയെവിട്ട് കടിപ്പിക്കരുതായിരുന്നെന്നു സുനിൽ കുമാർ പ്രതികരിച്ചു. രണ്ടുകിലോമീറ്ററിന് നേരത്തെ 33 രൂപ കിട്ടിയിരുന്നു. ഇപ്പോള്‍ 30 രൂപയായി. നിരക്ക് കൂട്ടിയില്ലെങ്കില്‍ സമരം ചെയ്യുമെന്ന് സംയുക്ത സമരസമിതിയും അറിയിച്ചു. ബസ് സര്‍വീസ് നടത്തിപ്പിലെ കനത്ത പ്രതിസന്ധി പരിഗണിക്കാതെയുള്ള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്ന് സ്വകാര്യബസുടമകളും പ്രതികരിച്ചു.