പ്രണയാഭ്യർഥന നിരസിച്ചു: വിദ്യാർഥിനിയെ ബസ് ജീവനക്കാരൻ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപരിക്കേല്‍പിച്ചു

0

കൊല്ലം: പ്രണയം നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ സ്വകാര്യ ബസ് ജീവനക്കാരൻ വീട് കയറി ആക്രമിച്ചു. ശാസ്താംകോട്ടയിലാണ് സംഭവം.വയറിനു കുത്തേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുന്നത്തൂർ തോട്ടത്തുംമുറിയിൽ പുലർച്ചെ രണ്ടിനാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി അനന്തു(20) എന്ന യുവാവ് കുട്ടിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്.

മൂന്ന് തവണ പെണ്‍കുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതാണ് കാരണമെന്നും കുട്ടി അപകടനില തരണം ചെയ്തതായും ബന്ധുക്കൾ പറഞ്ഞു