ഇരുപത്തിയെട്ട് വര്‍ഷം മുന്‍പുള്ള ക്രിക്കറ്റ് പരസ്യം ‘തലതിരിച്ച്’ ചെയ്ത് കാഡ്ബറി; വൈറൽ

0

1993ലാണ് പരസ്യചിത്രത്തിൽ മുഖഛായ മാറ്റിയ കാഡ്ബറി ഡയറി മില്‍ക്കിന്‍റെ ആ പ്രശസ്തമായ ‘ക്രിക്കറ്റ് പരസ്യം’ വരുന്നത്. സിക്സ് അടിച്ച് കളി ജയിപ്പിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനും കളി കഴിഞ്ഞയുടന്‍ ഗ്രൗണ്ട് സെക്യൂരിറ്റിയെ വെട്ടിച്ച് കയ്യില്‍ ഡയറി മില്‍ക്ക് ചോക്ലേറ്റുമായി ഓടിയെത്തുന്ന കാമുകിയും, ഒടുക്കം ഒന്നിച്ച് ഇരുവരും ഡയറി മില്‍ക്ക് കഴിക്കുന്നതുമാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. ഒരു കാലഘട്ടത്തിൽ പ്രേക്ഷകരെ ടി വിക്കുമുന്നിൽ പിടിച്ചിരുത്തി ഒരു പരസ്യമായിരുന്നു അത്.

ഇപ്പോള്‍ ഇതാ കാഡ്ബറി തന്നെ ആ പരസ്യത്തിന്റെ പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നു. എന്നാല്‍ ഇതില്‍ ഒരു മാറ്റം ഉണ്ട്. പരസ്യത്തില്‍ പുരുഷ ക്രിക്കറ്റര്‍ക്ക് പകരം വനിത ക്രിക്കറ്റ് താരമാണ്. കാണികള്‍ക്കിടയില്‍ നിന്നും ഓടിവരുന്നത് കാമുകിയല്ല, കാമുകനാണ്. എന്നാല്‍ പരസ്യത്തിന്‍റെ പാശ്ചത്തലത്തിലെ സംഗീതവും, തീം എല്ലാം അത് പോലെ തന്നെ. അവസാനം ഗുഡ് ലക്ക് ഗേള്‍സ് എന്ന ഹാഷ്ടാഗും പരസ്യത്തില്‍ നല്‍കുന്നുണ്ട്.

സ്ത്രീകള്‍ വിജയഗാഥ രചിക്കുന്നതിലും, അവര്‍ യുവത്വത്തിന് മാതൃകയായി മാറുന്നതുമായ ആഘോഷത്തില്‍ കാഡ്ബറി ഡയറി മില്‍ക്കും ചേരുന്നു, എന്നാണ് ഈ പരസ്യത്തിന് കാഡ്ബറി നല്‍കിയ ക്യാപ്ഷന്‍. ഒഗ്ലീവ് ആണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.