വി ജിഎസ് എന്ന കാപ്പി കോപ്പയിലെ വിപ്ലവം

  0

  കാപ്പി വ്യാപാരരംഗത്ത് 140 വര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബത്തിൽ പിറന്നുവീണ വി ജി സിദ്ധാർത്ഥ എന്ന വി ജിഎസ് യുവാക്കളുടെ ഹരമായ ‘കഫെ കോഫി ഡേ’ യുടെ അമരക്കാരനായി മാറിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ കഥയുണ്ട് പറയാൻ. കാപ്പിയും കുടിച്ച് നെറ്റും സർഫ് ചെയ്ത് കൊച്ചുവർത്തമാനം പറഞ്ഞിരിക്കാൻ ഒരിടം എന്ന ആശയത്തോടെ ബെംഗളൂരില്‍ ആരംഭിച്ച കഫെ കോഫി ഡേ രാജ്യത്തിനകത്തും പുറത്തുമായി 1700-ലധികം വ്യാപാരകേന്ദ്രങ്ങളായി പടർന്നു പന്തലിച്ചതിനു പിന്നിൽ സിദ്ധാർത്ഥ എന്ന ബുദ്ധിരാക്ഷസന്റെ അപർണബോധവും കഠിനാധ്വാനവും തന്നെയാണുള്ളത്.

  King of Coffee എന്ന വിളിപ്പേരുള്ള രാജ്യം കണ്ട ഏറ്റവും മികച്ച സംരംഭകപ്രമുഖന് ജീവിതത്തിൽ എവിടെയാണ് അടി പതറിയതെന്നറിയില്ല. എത്ര വലിയ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് പറുമ്പോളും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകന്റെ ഈ അപ്രതീക്ഷിത മരണം പലര്‍ക്കും ഞെട്ടലുളവാക്കുന്നതാണ്.

  ഇത്രകാലം പൊരുതി നിന്നു എന്നും ഇനി ഈ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ, ഓഹരി പങ്കാളികളിലൊരാള്‍ ഓഹരികള്‍ മടക്കി വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തി. അതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമവും ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് വായ്പയായി വാങ്ങിയ വലിയ തുകയുടെ ബാധ്യതയും ഇനിയെനിക്ക് താങ്ങാനാകില്ല.’… ഇതായിരുന്നു സിദ്ധാർത്ഥ അവസാനമായി കുറിച്ച വാക്കുകൾ തന്റെ ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കു ഇത്തരത്തിലൊരു കത്തെഴുതിവെച്ച് ഇദ്ദേഹം നീങ്ങിയത് മരണത്തിലേക്കായിരുന്നു എന്നുവേണം ഊഹിക്കാൻ.

  7000 കോടിയിലധികം രൂപയുടെ കടം. ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് വല്ലാത്ത പീഡനമുണ്ടായി എന്നും സിദ്ധാര്‍ത്ഥ ആരോപിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥയുടെ ആരോപണം ആദായനികുതി അധികൃതര്‍ തള്ളിക്കളയുകയാണ്. ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറല്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന സിദ്ധാര്‍ത്ഥയുടേത് എന്ന് പറയുന്ന കത്ത് വ്യാജമാണ് എന്നാണ് അധികൃതരുടെ വാദം. സിദ്ധാര്‍ത്ഥയുടെ ഒപ്പ് വ്യാജമാണ് എന്ന് ടാക്‌സ് അധികൃതര്‍ പറയുന്നു.

  ചിക്കമംഗളൂരുവിലെ കാപ്പിത്തോട്ടം ഉടമയുടെ മകനില്‍ നിന്ന് ഏത് കോഫീ വമ്പന്മാരെയും വെല്ലുംവിധം രാജ്യമാകെ 2700 കോഫി റീട്ടെയിൽ കേന്ദ്രങ്ങൾ, അവിടെ വിൽക്കുന്ന കോഫിക്കുള്ള കാപ്പിക്കുരു കൃഷി ചെയ്യാൻ 4000 ഏക്കർ കാപ്പിത്തോട്ടം, കാപ്പിത്തോട്ടം നടത്തുന്നതിൽ വർഷങ്ങൾ നീണ്ട കുടുംബപാരമ്പര്യം, കോഫി ഗവേഷണകേന്ദ്രം, കോഫി വിൽക്കാൻ യുവാക്കൾക്കു പരിശീലനം, കോഫി മെഷീനുകൾ പോലും ചെലവുകുറച്ചു നിർമാണം തുടങ്ങി രാജ്യത്തെ ഏറ്റവും വലിയ കോഫി കഫേ ശൃംഘലയുടെ ഉടമയായാണ് വി ജി സിദ്ധാര്‍ത്ഥ വളര്‍ന്നത്. . പിന്നീട് ഐടി, കണ്‍സള്‍ട്ടന്‍സി രംഗങ്ങളിലടക്കം ഇതര ബിസിനസ് രംഗങ്ങളിലേയ്ക്കും കടന്നെങ്കിലും കാപ്പി തന്നെയാണ് സിദ്ധാർത്ഥയെ ഇന്ത്യ കണ്ട മികച്ച ബിസ്സുനസ്സുക്കാരിൽ ഒരാളാക്കി മാറ്റിയത്.

  മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം സിദ്ധാര്‍ഥയുടെ ശ്രദ്ധ തിരിഞ്ഞത് സ്‌റ്റോക്ക് മാര്‍ക്കറ്റിലേക്കാണ്. പിന്നീട് 1983-ല്‍ മഹേന്ദ്ര കംപാനി വൈസ് ചെയര്‍മാനായിരുന്ന ജെ.എം. ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ സിദ്ധാര്‍ഥ മാനേജ്‌മെന്റ് ട്രെയിനിയായി. ഇരുപത്തിനാലുകാരനായ സിദ്ധാഥയ്ക്ക് നേട്ടങ്ങളിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി. രണ്ട് വര്‍ഷം അവിടെ തുടര്‍ന്ന സിദ്ധാര്‍ഥ ബെംഗളൂരുവിലേക്ക് മടങ്ങിഅതിൽ നിന്നുണ്ടാക്കിയ പണം ഉപയോഗിച്ച് 1987ൽ 1500 ഏക്കർ കാപ്പിത്തോട്ടം വാങ്ങി. പിന്നീട് കൂടുതൽ വാങ്ങി 1992 ആയപ്പോഴേക്കും തോട്ടം 4000 ഏക്കറാക്കി. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ പിതാവ് പണം നല്‍കിയതിനെ തുടര്‍ന്ന് ശിവന്‍ സെക്യൂരിറ്റീസ് എന്ന കമ്പനി വാങ്ങി വ്യാപാരം ആരംഭിച്ചു.2000-ല്‍ വേ ടു വെല്‍ത് എന്നാക്കി മാറ്റിയ കമ്പനിയാണ് സിദ്ധാര്‍ഥയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറയായത്. 1985 കഴിയുമ്പോള്‍ സിദ്ധാര്‍ഥ ഒരു മുഴുവന്‍ സമയ ഓഹരി നിക്ഷേപകനായി മാറിയിരുന്നു, കൂടാതെ 10,000 ഏക്കറോളം കാപ്പിത്തോട്ടത്തിന്റെ ഉടമയും.

  സിദ്ധാർഥ കാപ്പി കയറ്റുമതി തുടങ്ങി. അമാൽഗമേറ്റഡ് ബീൻ കോഫി രാജ്യത്തെ ഏറ്റവും പ്രമുഖ കയറ്റുമതിക്കാരായി. കാപ്പിപ്പൊടി വിൽക്കാ‍ൻ ആദ്യം ബെംഗളൂരുവിലും ചെന്നൈയിലുമായി 20 കടകൾ തുടങ്ങി. അപ്പോഴാണ് കാപ്പിപ്പൊടി വിൽപ്പനയ്ക്കു പകരം കാപ്പിയുണ്ടാക്കി വിറ്റാൽ ബിസിനസ് വിപുലമാവുമെന്ന ആശയം ഉദിക്കുന്നത്. വിദേശ മാതൃകകളുടെ ചുവടു പിടിച്ച് കാപ്പി കുടിച്ചിരുന്നുകൊണ്ട് നെറ്റ് സർഫ് ചെയ്യുന്ന ബിസിനസ് മോഡലുണ്ടാക്കി. കഫെ കോഫി ഡെ എന്നു പേരു നൽകി.1996-ല്‍ കഫെ കോഫി ഡേ എന്ന പ്ലാന്‍ തലയിലുദിച്ചതോടെ വ്യാപാരത്തിന്റേയും ഇന്ത്യന്‍ ജനതയുടെ കാപ്പികുടി ശീലത്തിന്റേയും പുതിയൊരു രീതി സിദ്ധാര്‍ഥ തുടങ്ങി വെച്ചു. സിസിഡി. ആദ്യം ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമായി 12 സിസിഡി. 2004ൽ എണ്ണം 200ൽ എത്തി. ഇന്ന് രാജ്യമാകെ 210 നഗരങ്ങളിലായി 1500 സിസിഡി. കോഫി കിയോസ്കുകളും വെൻഡിങ് മെഷീനുകളുമെല്ലാം ചേർത്ത് 2700 വിൽപന കേന്ദ്രങ്ങൾ.

  ബെംഗളൂരില്‍ ആരംഭിച്ച കഫെ കോഫി ഡേ രാജ്യത്തിനകത്തും പുറത്തുമായി 1700-ലധികം വ്യാപാരകേന്ദ്രങ്ങളായി. വിദേശത്തേയ്ക്കും. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് – ഇവിടെയെല്ലാം കഫേ കോഫീ ഡേ ഷോപ്പുകള്‍ വന്നു. 20,000 ത്തോളം ജീവനക്കാരും 48,000 ത്തോളം വെന്‍ഡിങ് മെഷീനുകളുമായി കഫെ കോഫി ഡേ 4,264 കോടി രൂപയിലധികം വാര്‍ഷിക വരുമാനം നേടിയ സ്ഥാപനമായി വളര്‍ന്നു. വലിയ ഓഹരി പങ്കാളിത്തം വഹിച്ച സോഫ്ട് വെയർ കമ്പനിയായ മൈൻജ് ട്രീ വഴി 20000 തൊഴിലവസരം വേറെ. 12,000 ഏക്കറിലേക്ക് വളര്‍ന്ന സിദ്ധാര്‍ഥിന്റെ കാപ്പിത്തോട്ടം സിദ്ധാര്‍ഥിനെ ഇന്ത്യയിലെ സമ്പന്നരില്‍ പ്രമുഖനാക്കി. കഫെ കോഫി ഡേയുടെ ഓഹരികള്‍ കൊക്കോകോള മ്പനി വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

  ഇതിനൊക്കെ പുറമെ സെരായ്, സിസാഡോ ആഢംബര റിസോര്‍ട്ടുകളും സിദ്ധാര്‍ഥിന്റെ ഉടമസ്ഥതയിലുണ്ട്. കഫെ കോഫി ഡേയുട വിജയത്തിലൂടെ ഇക്കണോമിക് ടൈംസിന്റെ മികച്ച സംരംഭകനുള്ള അവാര്‍ഡ് 2002-03-ല്‍ സിദ്ധാര്‍ഥ നേടി. വിവിധ കമ്പനികളിൽ മൂലധന നിക്ഷേപം നടത്തുന്ന ബിസിനസ് വൻ വിജയമായിരുന്നു. ആക്സെഞ്ച്വർ, മൈൻഡ്ട്രീ,സൊനാറ്റ, ടെക്സസ് തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപം അങ്ങനെയാണ്. അടിസ്ഥാന സൗകര്യമേഖലയിൽ ഉപകമ്പനിയായ ടാങ്ക്ളിൻ ഡവലപ്പേഴ്സ് ആസ്തികളുണ്ടാക്കി. ബെംഗളൂരുവിൽ 120 ഏക്കറിൽ ഐടി ക്യാംപസ്. മംഗളൂരുവിൽ ടെക് ബേ,മുംബൈയിൽ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്, ഹോട്ടലുകൾ,റിസോർട്ടുകൾ.

  ബാങ്കുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ആകെ കടം 8183 കോടിയിലെത്തി. ഐഡിബിഐ ബാങ്കിന് 4575 കോടി കടം, യെസ് ബാങ്കിന് 274 കോടി, ആക്സിസ് ബാങ്കിന് 915 കോടി, ആദിത്യബിർല ഫിനാൻസിന് 278 കോടി…മൈൻഡ്ട്രിയുടെ 20.4% ഓഹരി എൽ ആൻഡ് ടിയ്ക്ക് വിറ്റ് 3300 കോടി നേടിയതൊന്നും കടംവീട്ടാൻ പോരാതായി.

  തൊണ്ണൂറുകളിൽ ഇന്ത്യയുടെ സിലിക്കൻ വാലിയായി ബെംഗളൂരു വളർന്നതിനൊപ്പമാണ് കഫെ കോഫി ഡേ മുളയിട്ടത്. മഹാനഗരത്തിൽ ഐടി വിപ്ലവത്തിനു ചുക്കാൻ പിടിച്ച കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനായതോടെ, സിസിഡിയെ വൻമരമാക്കി മാറ്റാൻ സിദ്ധാർഥയ്ക്കു മുന്നിൽ വഴി തുറന്നു. 2017 മാർച്ചിൽ കൃഷ്ണ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കു കൂറുമാറിയതിനു പിന്നാലെയാണ് സിസിഡിക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്ഡുകൾ ആരംഭിച്ചതെന്നതു വൈരുധ്യം.

  ഇപ്പോള്‍ ആദായനികുതി വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തെഴുതി അയച്ച ശേഷം നേത്രാവതി പാലത്തില്‍നിന്ന് നദിയിലേക്ക് ചാടിയ കാപ്പി രാജാവിന്റെ മൃതദേഹം ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കിട്ടി. കൊടിയ സാമ്പത്തീക ബാധ്യതകൾക്ക് പരിഹാരം കണ്ടത്താനാവാതെയാണ് ഈ ബിസിനസ്സ് രാജാവ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്.