ഇതാണോ കോൺഗ്രസ്സ് സംസ്കാരം?

0

നവംബർ പതിനാല്. ആധുനിക ഭാരതത്തിന് ജനാധിപത്യത്തിത്തിൻ്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ബാലപാഠങ്ങൾ പകർന്ന് നൽകിയ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം. ഭാരതം അഭിമാനത്തോടെ നിഷ്കളങ്കതയുടെ ശിശുദിനമായി ആഘോഷിക്കുന്ന പനിനീർപ്പൂവിൻ്റെ സൗരഭ്യം പകർത്തേണ്ട ദിനം. ഇന്നത്തെ പത്രങ്ങൾക്ക് കോഴിക്കോട്ടെ കോൺഗ്രസ്സുകാർ നൽകിയത് അപമാനകരമായ സംഭവങ്ങൾ തന്നെയാണ്. നെഹ്റു അനുസ്മരണ ബാനറിൽ ഒത്തുകൂടിയ ഗ്രൂപ്പുകളി വിദഗ്ധർ നടത്തിയ ഗുണ്ടാവിളയാട്ടം കോൺഗ്രസ്സിൻ്റെ ഇന്നത്തെ വികൃത മുഖം വ്യക്തമാക്കുന്നത് തന്നെയായിരുന്നു.

ഒരു പൊതു പരിപാടി ചിത്രീകരിക്കാനും അതിൻ്റെ വാർത്തകൾ പ്രസിദ്ധീകരിക്കാനും മാധ്യമങ്ങൾക്കുള്ള അവകാശവും സ്വാതന്ത്ര്യവും ഏതെങ്കിലും രാഷ്ടീയ കക്ഷിയുടെയോ നേതാക്കളുടെയോ ഔദാര്യമല്ല. ജനാധിപത്യം മാധ്യമങ്ങൾക്ക് നൽകിയ പ്രിവിലേജ് തന്നെയാണ്. ഈ ഒരു സവിശേഷ അധികാരത്തിനെയാണ് കോഴിക്കോട്ടെ കോൺഗ്രസ്സ് ഗ്രൂപ്പ് വക്താക്കൾ കൈയ്യൂക്കിൻ്റെ ഭാഷയിൽ ചോദ്യം ചെയ്തത്. ഒരു കാര്യം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ്.

കോൺഗ്രസ്സിലെ ഇന്നത്തെ മിക്ക നേതാക്കളും മാധ്യമങ്ങളുടെ പരിലാളനങ്ങൾ ഏറ്റുവാങ്ങി വലുതായവരാണ്. കെ. സുധാകരൻ്റെ ശൈലിയല്ല ഇന്നോളമുള്ള കോൺഗ്രസ്സ് ശൈലി. കോൺഗ്രസ്സിൻ്റെ ഭാഷയും സമീപനവും ജനാധിപത്യത്തിൻ്റെയും സമാധാനത്തിൻ്റേതുമാണ്. നെഹ്റുവിൻ്റെ ജന്മദിനത്തിൽ അപമാന ഭാരത്താൽ ശിരസ്സു താഴ്ത്തി നിൽക്കേണ്ട ഗതികേടിലെത്തിയ കോൺഗ്രസ്സ് നേതൃത്വം ചരിത്രത്തെ, ഇന്നലെകളെ ഓർമ്മിക്കുന്നത് നല്ലതായിരിക്കും.