ബിഗ്ബോസ് താരം രജിത് കുമാറിന് വിമാനത്താവളത്തിൽ സ്വീകരണം; ആരാധകര്‍ എത്തിയത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്; കേസെടുത്ത് ജില്ലാ കളക്ടര്‍

0

കൊച്ചി: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊച്ചി വിമാനത്താവളത്തില്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ 79 പേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്.

ടി.വി ഷോയിലെ മത്സരാർത്ഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടർ വ്യക്തമാക്കി. കൊറോണയുടെ ജാഗ്രത നിലനിൽക്കെ നടന്ന ഈ സംഭവത്തിൽ പേരറിയാവുന്ന നാല് പേരും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ പറഞ്ഞു.

സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളെയും മറികടന്ന് രജിത് കുമാറിന്റെ ആരാധകരടങ്ങുന്ന വലിയ ജനക്കൂട്ടം വിമാനത്താവളത്തില്‍ തടിച്ചുകൂടിയതിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണയും ഡോ ധന്യാ മാധവും പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കുമായിരുന്നു ഇരുവരും പരാതി നല്‍കിയത്. ആളുകള്‍ തടിച്ചുകൂടിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.