തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി; രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കോടതി

0

അജ്മാൻ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാൻ കോടതിയിൽ ഉണ്ടായിരുന്ന ക്രിമിനൽ കേസ് തള്ളി. വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി.നീതിയുടെ വിജയമെന്നാണ് തുഷാർ വെള്ളാപ്പള്ളി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. വലിയ തട്ടിപ്പിൽ നിന്നുമാണ് താൻ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും എം എ യൂസഫലിക്കും നന്ദിയെന്നും തുഷാർ പ്രതികരിച്ചു.

ദുബായ് കോടതിയിൽ നൽകിയ സിവിൽ കേസ് തിങ്കളാഴ്ച തള്ളിയിരുന്നു. രണ്ടു കേസും തള്ളിയതോടെ തുഷാറിന്‍റെ യാത്രാ വിലക്ക് നീങ്ങി. ഇനി നാട്ടിലേക്ക് പോകാൻ സാധിക്കും. ഉമ്മുല്‍ഖുവൈനിലെ തുഷാറിന്റെ സ്ഥലം സ്വദേശിയായ വ്യക്തിക്കു വിലയ്ക്കു വാങ്ങാൻ താല്‍പര്യമുണ്ടെന്നു പറഞ്ഞ് ഒരു വനിത നിരന്തരം ഫോൺ ചെയ്ത് ഒാഗസ്റ്റ് 20ന് തുഷാറിനെ യുഎഇയിൽ എത്തിക്കുകയായിരുന്നു.

ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം.

ഒരു ദിവസത്തെ ജയിൽവാസത്തിനു ശേഷം 10 ലക്ഷം ദിർഹവും പാസ്പോർട്ടും ജാമ്യം നൽകി പുറത്തിറങ്ങിയ തുഷാർ നാസിലുമായി അന്നുതന്നെ നേരിട്ട് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. പ്രശ്നം കോടതിക്കു പുറത്തു പറഞ്ഞുതീർക്കുമെന്നു പിന്നീട് തുഷാർ മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു.എന്നാൽ, തനിക്ക് ആറു കോടി രൂപ ലഭിക്കണമെന്നു നാസില്‍ ആവശ്യപ്പെട്ടപ്പോൾ, മൂന്നു കോടി നൽകാമെന്നായിരുന്നു തുഷാറിന്റെ നിലപാട്.

ഒത്തുതീർപ്പ് ചർച്ചകൾ വഴിമുട്ടിയതോടെ ഇരുവരും കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. തുഷാറിനെ ചെക്ക് കേസിൽ കുടുക്കാൻ അജ്മാനിലെ യുവ വ്യവസായി നാസിൽ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകൾ പുറത്തു വന്നിരുന്നു. ശബ്ദരേഖ തന്റേതാണെന്നു നാസിൽ സമ്മതിച്ചെങ്കിലും അതു സംഭാഷണത്തിലെ ചില ഭാഗങ്ങൾ മാത്രമാണെന്നു അദ്ദേഹം വ്യക്തമാക്കി.