ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയുടനീളം ഏകീകരിക്കുന്നു

1

എറണാകുളം: നിലവിൽ ഓരോ സംസ്ഥാനത്തെയും മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഇന്ത്യ മുഴുവൻ ഡ്രൈവ് ചെയ്യാമെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നൽകുന്ന ലൈസൻസാണ് ഇന്ത്യയൊട്ടാകെ ഉപയോഗിക്കാൻ പോകുന്നത്. രാജ്യത്താകെ വാഹന ലൈസൻസുകൾ ഏകീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളാണ് വാഹൻ, സാരഥി എന്നിവ. ‘വാഹൻ’ വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ചതും, ‘സാരഥി’ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച ഘടകങ്ങളുമായിരിക്കും. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ എറണാകുളം ആർ.ടി.ഓഫീസിൽ സാരഥി എന്ന പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം ഇനിമുതൽ ഇവിടെ നിന്നും അപേക്ഷിക്കുന്ന എല്ലാവർക്കും കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ലൈസൻസ് ആയിരിക്കും ലഭിക്കുക. കഴിഞ്ഞ ദിവസം പുതിയ ലൈസൻസിനുള്ള ആദ്യ അപേക്ഷ കൃഷ്ണപ്രിയയിൽ നിന്ന് എറണാകുളം ആർ.ടി.ഒ ജോജി പി. ജോസ് വാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ പുതുതായി അവർതരിപ്പിക്കുന്ന പ്ലാസ്റ്റിക് കാർഡ് രൂപത്തിലുള്ള ലൈസൻസിൽ ആറുതരം സുരക്ഷാസംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യു.ആർ കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്സ്റ്റ്, യു.വി. എംബ്ലം, ഗൈല്ലോച്ചേ പാറ്റേൺ എന്നിവയെല്ലാം സുരക്ഷാ സംവിധാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഡിസൈനിൽ ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങളിൽ ലയിപ്പിച്ചതും, ഇന്ത്യൻ യൂണിയൻ ഡ്രൈവിങ് ലൈസൻസ് എന്ന തലവാചകത്തോട് ചേർന്ന് കേന്ദ്ര സർക്കാർ മുദ്രയും ലൈസൻസിൽ ഉണ്ട്. ഇതിന് തൊട്ട് താഴെയായി ഹോളോഗ്രാമും കേരള സർക്കാർ മുദ്രയും വ്യക്തിയുടെ ഫോട്ടോയും, മുൻവശത്ത് രക്തഗ്രൂപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള രീതിയനുസരിച്ച് ലേണേഴ്സ് അപേക്ഷിക്കുന്നവർ മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുമ്പോൾ അത് ഇനി മുതൽ സാരഥിയിലേക്ക് തിരിച്ചുവിടും.